റാന്നി : ഭൂമി വാങ്ങാനായി അഡ്വാൻസ് നൽകിയ പണം തിരികെ ആവശ്യപ്പെട്ട് കെട്ടിട നിർമാണ കരാറുകാരന്‍റെ വീട്ടു പടിക്കൽ സത്യാഗ്രഹം നടത്തിയ തിരുവനന്തപുരം സ്വദേശി പ്രഫിൻ ലോപ്പസിനെയും കുടുബത്തിനെയും വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് നീക്കം ചെയ്തു. ചെത്തോങ്കര എസ്. സി സ്കൂളിന് സമീപം വര്‍ഷങ്ങളായി താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ കെട്ടിട നിര്‍മ്മാണ കരാറുകാരന്‍റെ വീട്ടുപടിക്കലാണ് ഭൂമി വാങ്ങുന്നതിന് കരാർ വെച്ച വിഴിഞ്ഞം സ്വദേശി പ്രഫിൻ ലോപ്പസും ബന്ധുക്കളും സത്യാഗ്രഹം ഇരുന്നത്. കളിയിക്കാവിളയ്ക്കും വിഴിഞ്ഞത്തിനും മധ്യേയുള്ള ഭൂമിയാണ് വർഷങ്ങളായി റാന്നിയിൽ താമസിക്കുന്നയാള്‍ വിൽക്കാൻ കരാർ വെച്ചത്. 50 ലക്ഷം രൂപ മുൻകൂറായി നൽകിയെന്നു പറയുന്നു. ആദ്യം 10 ലക്ഷം രൂപ നൽകി കരാർ എഴുതിയെന്നും പിന്നീട് കരാറുകാരൻ അത്യാവശ്യം ധരിപ്പിച്ച് 50 ലക്ഷം കൂടി ആവശ്യപ്പെട്ടതനുസരിച്ച് ബാക്കി തുകയും നൽകിയെന്ന് തിരുവനന്തപുരം സ്വദേശി പ്രഫിൻ പറഞ്ഞു. രണ്ടാമത് 50 ലക്ഷം കൊടുത്തപ്പോൾ വാങ്ങുന്ന സ്ഥലം എഞ്ചിനീയറെ കാണിക്കുകയും കെട്ടിട നിർമാണത്തിന് സ്‌ഥലം അനുയോജ്യമല്ലെന്നും തൊട്ടടുത്ത കായലിൽ നിന്ന് വെള്ളം കയറുന്നതാണെന്നും പറഞ്ഞു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ പരിസരവാസികൾ ഇത് വ്യക്തമാക്കിയതായും പണം നല്കിയവർ പറഞ്ഞു. ഇതോടെയാണ് സ്ഥലം വേണ്ടന്നും കൊടുത്ത അഡ്വാൻസ് തുക തിരികെ നല്കാനും ആവശ്യപ്പെട്ട് ഇടനിലക്കാരി മുഖേന വസ്തു ഉടമയായ കരാറുകാരനെ ബന്ധപ്പെട്ടത്. പണം മടക്കി നല്കാമെന്നും റാന്നിയിൽ വന്നാൽ മതിയെന്നുമാണ് പ്രഫിനോട് ബ്രോക്കർ പറഞ്ഞത്. ഇതനുസരിച്ച് പ്രഫിൻ്റെ സഹോദരൻ കരാറുകാരൻ്റെ വീട്ടിൽ വന്നപ്പോൾ പണം വാങ്ങാനെത്തിയ ആൾ ഭീഷണിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി കോൺട്രാക്ടർ റാന്നി പോലീസിൽ പരാതി നൽകി. റാന്നിയിൽ നിന്നും പോലീസ് അവരെ ബന്ധപ്പെട്ടതിനു പിന്നാലെയാണ് വിഴിഞ്ഞം സ്വദേശി പ്രഫിനും ബന്ധുക്കളും ചൊവ്വഴ്ച വൈകിട്ട് കോൺട്രാക്ട്രറിൻ്റെ വീടിന്റെ പടിക്കലെത്തി സത്യഗ്രഹം തുടങ്ങിയത്. രണ്ടു ദിവസം പൊലീസ് ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതായപ്പോൾ ഇൻസ്പെക്ടർ ജിബു ജോണിൻ്റെ നേതൃത്വത്തിൽ പൊലീസ് എത്തി തിരുവനന്തപുരം സ്വദേശികളെ കരാറുകാരന്‍റെ വീട്ടുപടിക്കൽ നിന്നും ഒഴിപ്പിച്ചത്.