ന്യൂഡൽഹി : മതപരിവർത്തന സംഘത്തിന്റെ സൂത്രധാരനായ ജമാലുദ്ദീൻ എന്ന ചങ്കൂർ ബാബക്ക് 40 ബാങ്ക് അക്കൗണ്ടുകളിലായി 106 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് പോലീസ്. ഇയാൾക്ക് പ്രധാനമായും മിഡിൽ ഈസ്റ്റിൽ നിന്നാണ് പണം ലഭിച്ചിരുന്നതെന്നും കോടിക്കണക്കിന് വിലമതിക്കുന്ന മറ്റ് സ്വത്തുവകകളുണ്ടെന്നും പോലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിലെ മതപരിവർത്തന റാക്കറ്റുമായി ബന്ധപ്പെട്ട് ശനിയാഴ്ച ലഖ്‌നൗവിലെ ഒരു ഹോട്ടലിൽ നിന്നാണ് ചങ്കൂർ ബാബയെയും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളിയായ നീതു എന്ന നസ്രീനെയും അറസ്റ്റ് ചെയ്തത്.
ദരിദ്രരും നിസ്സഹായരുമായ തൊഴിലാളികൾ, ദുർബല വിഭാഗങ്ങൾ, വിധവകളായ സ്ത്രീകൾ എന്നിവർക്ക്, സാമ്പത്തിക സഹായം, വിവാഹ വാഗ്ദാനങ്ങൾ, അല്ലെങ്കിൽ ഭീഷണിപ്പെടുത്തി നിർബന്ധിച്ച് വശീകരിച്ച് മതപരിവർത്തനം നടത്തുകയായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു. സംഘത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്ന് യുപി ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) അന്വേഷിക്കുന്നുണ്ട്. സംഘത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത യുപി സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) വിഷയം അന്വേഷിക്കുന്നു. ബൽറാംപൂരിലെ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന മറ്റുള്ളവരെക്കുറിച്ചും ലോക്കൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.