കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്‍ കൊലപാതകത്തില്‍ വഴിത്തിരിവായത് മകളുടെ ഫോണ്‍ കോള്‍. പിതാവിന്റെ ശബ്ദത്തില്‍ സംശയം തോന്നിയതിനാല്‍ മകള്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. ഡിഎന്‍എ പരിശോധ ഫലം ലഭിച്ചതിന് ശേഷം ഹേമചന്ദ്രന്റെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. ഹേമചന്ദ്രനുമായി സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്ന പ്രതികള്‍ ജോലിക്ക് ആളെ വേണമെന്ന് ദിന പത്രത്തില്‍ പരസ്യം നല്‍കി. പരസ്യം കണ്ട് വന്ന സ്ത്രീയെ ഉപയോഗിച്ച് ഹേമചന്ദ്രനെ ട്രാപ്പില്‍ വീഴ്ത്തുകയായിരുന്നു.
കണ്ണൂര്‍ സ്വദേശിയായ ഈ സ്ത്രീയാണ് ഹേമചന്ദ്രനെ വയനാട്ടിലേക്ക് വിളിച്ചു വരുത്തിയത്. അവിടെ വെച്ചായിരുന്നു കൊലപാതകം. ഒന്നാം പ്രതി നൗഷാദ് വിദേശത്താണ്. രണ്ടും മൂന്നും പ്രതികളായ സുല്‍ത്താന്‍ബത്തേരി സ്വദേശികളായ ജ്യോതിഷ് കുമാര്‍, ബി എസ് അജേഷ് എന്നിവര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. നൗഷാദിന് വേണ്ടിയുള്ള ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. 2024 മാര്‍ച്ചില്‍ കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ ചേരമ്പാടി വനത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.