കൊച്ചി : ഓഫര്‍ തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് പോലീസ്. തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ ഇടുക്കിയില്‍ വാങ്ങിക്കൂട്ടിയ കോടികളുടെ ഭൂസ്വത്തുക്കള്‍ പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം അനന്തു കൃഷ്ണനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തി. ഇടുക്കി തൊടുപുഴയിലാണ് പരാതിക്കാർ ഏറെയും. മുഖ്യമന്തിക്ക് പരാതി നൽകാനാണ് തട്ടിപ്പിനിരയായവരുടെ തീരുമാനം.
കേസില്‍ അനന്തു കൃഷ്ണനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആവശ്യം. അതിനിടെ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിനെ കേന്ദ്രീകരിച്ചും പോസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തട്ടിപ്പിന്റെ ഭാഗമായി അനന്തു കൃഷ്ണന്‍ രൂപീകരിച്ച ട്രസ്റ്റിലെ അംഗമാണ് ആനന്ദകുമാര്‍.