കോഴിക്കോട്: സംസ്ഥാനത്ത് പോലീസ് ടെലികമ്യൂണിക്കേഷൻ സംവിധാനം അനലോഗ് കമ്യൂണിക്കേഷനിൽ നിന്ന് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ 9.7 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഡിഎംആർടയർ-രണ്ട് എന്ന ടെക്നോളജിയുള്ള കമ്യൂണിക്കേഷൻ സംവിധാനമാണ് നടപ്പാക്കുന്നത്. രണ്ടുജില്ലകളിലും ഈ മാസം പുതിയ സംവിധാനം കമ്മിഷൻ ചെയ്യാനാണ് തീരുമാനം. തിരുവനന്തപുരത്ത് ക്രമസമാധാനപാലനത്തിനും ഗതാഗതസംവിധാനത്തിനും ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം.
കൊച്ചിയിൽ ക്രമസമാധാനവിഭാഗത്തിന് മാത്രമേ ഡിജിറ്റൽ സംവിധാനമുണ്ടാകൂ. രണ്ടാംഘട്ടത്തിൽ കോഴിക്കോടും കണ്ണൂരും ഇത് നടപ്പാക്കാനായി അഞ്ചുകോടി രൂപ നൽകാനാണ് തീരുമാനം.ക്രമസമാധാനപാലനത്തിനിടയിലോ മറ്റു അടിയന്തരഘട്ടങ്ങളിലോ സന്ദേശം കൈമാറണമെങ്കിൽ പ്രശ്‌നബാധിത സ്ഥലത്തെ ഫോട്ടോസഹിതം കൺട്രോൾറൂമിലേക്ക് കൈമാറാൻ പോലും ഡിഎംആർടയർ -രണ്ട് എന്ന സാങ്കേതികവിദ്യയിലൂടെ സാധിക്കും. തിരുവനന്തപുരത്ത് ഡിഎംആർ വയർലെസ് നെറ്റ് വർക്ക് സംവിധാനം പരീക്ഷണാർഥം കളക്ടറേറ്റ്, ടെക്‌നോപാർക്ക്-തേജസ്വിനി, മുട്ടക്കാട്, പോലീസ് ആസ്ഥാനം, വികാസ് ഭവൻ, കന്റോണ്മെന്റ് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.
അനലോഗ് കമ്യൂണിക്കേഷൻ പൂർണമായും ഒഴിവാക്കി ഡിജിറ്റൽ കമ്യൂണിക്കേഷൻ സംവിധാനത്തിലേക്ക് മാറാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും നിർദേശിച്ചിട്ടുണ്ട്. സന്ദേശങ്ങൾ സുരക്ഷിതമായി കൈമാറാനും മറ്റു സന്ദേശങ്ങൾ കടന്നുവരാതിരിക്കാനും ഡിജിറ്റൽ കമ്യൂണിക്കേഷൻ വേണം. ഒന്നിൽകൂടുതൽ സന്ദേശങ്ങൾ ഒരേസമയം അയക്കാനും കഴിയും. മറ്റു സന്ദേശങ്ങൾ കടന്നുവന്നാൽ കൺട്രോൾറൂമിലിരുന്നുകൊണ്ട് അത് ഓഫ് ചെയ്യാനും ഡിജിറ്റൽ കമ്യൂണിക്കേഷനിൽ സാധ്യമാണ്. അതായത് മൊബൈൽഫോൺ പോലെ ഉപയോഗിക്കാൻ സാധിക്കും. ഡിജിറ്റൽ കമ്യൂണിക്കേഷന് കൂടുതൽ ടവർ ആവശ്യമുണ്ട്. ഒരേ നെറ്റ് വർക്കിൽ മൊബൈൽഫോൺ ഉപയോഗിക്കുന്നപോലെ ഒരേ നെറ്റ്വർക്കിൽനിന്നുതന്നെ പല യൂസർ ഗ്രൂപ്പുകളുണ്ടാക്കാം.