കോഴിക്കോട് : നഗരമധ്യത്തിൽ 15 കാരിക്ക് നേരെ അതിക്രമം നടത്തിയ കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതുൾപ്പെടെ വിശദമായി അന്വേഷിക്കാൻ പോലീസ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിങ്കാളാഴ്ച സന്ധ്യാനേരത്താണ് അതിക്രമം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പതിനഞ്ചുകാരി. ആളൊഴിഞ്ഞ നിരത്തായിരുന്നു അപ്പോൾ സംഭവം സ്ഥലം. പെൺകുട്ടിയെ പിന്തുടർന്ന പ്രതികൾ അപായപ്പെടുത്താൻ ശ്രമിച്ചു. ഒരാൾ വായപൊത്തുകയും മറ്റൊരാൾ വലിച്ചിഴക്കാൻ ശ്രമിക്കുകയുമായിരുന്നു.
ധൈര്യം സംഭരിച്ച പെൺകുട്ടി ബഹളം വെച്ച് കുതറിയോട് രക്ഷപെടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നൊരു ചെരുപ്പ് കിട്ടി. അതിൽ സിമന്റ് അംശം കണ്ടെത്തി. പ്രതികൾ കെട്ടിട നിർമാണമേഖലയിൽ പണിയെടുക്കുന്നവരാകാം എന്നായി സംശയം. അന്വേഷണം തുടർന്നു. ചാലപ്പുറം ഭജന കോവിലിന് സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നിടത്ത് വെച്ചാണ് കിഷൻ ഗഞ്ച് സ്വദേശികളായ ഫൈസാൻ അൻവർ, ഹിമാൻ അലി എന്നിവരെ കസബ പോലീസ് അറസ്റ്റ് ചെയ്തത്.