പത്തനംതിട്ട : ശബരിമലയിലെ തിരക്ക് നിയന്ത്രണം പ്രധാന ബേസ് ക്യാമ്പായ നിലക്കൽനിന്ന് ആരംഭിക്കേണ്ടതുണ്ടെന്ന് പോലീസ് വിലയിരുത്തൽ. ഇതിന്‍റെ ഭാഗമായി നിലയ്ക്കലിൽ പാർക്കിംഗിന് കൂടുതൽ സ്ഥലം ഒരുക്കണമെന്ന് ദേവസ്വം ബോർഡിനോട് പോലീസ് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തിൽ നിലയ്ക്കലിൽ 6,350 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളത്. ഗ്രൗണ്ടിന്‍റെ വശങ്ങൾ കൂടി എടുത്താൽ പരമാവധി 8000 വരെ പാർക്ക് ചെയ്യാൻ കഴിയും. ഇത് അപര്യാപ്തമാണ്. നിലവിൽ ഒരു മിനിറ്റിൽ പരമാവധി 70 തീർഥാടകർക്ക് വരെ പതിനെട്ടാംപടി കയറാൻ കഴിയും. മൊത്തം 23 മണിക്കൂർ പടി കയറ്റുന്നുണ്ട്. ഇതനുസരിച്ച് മൊത്തം 96,600 പേർക്ക് ഒരു ദിവസം പടി കയറാം. എന്നാൽ ഈ വർഷം കുട്ടികളും പ്രായമായവരും ഭിന്നശേഷിക്കാരും മുൻവർഷങ്ങളേക്കാൾ കൂടുതൽ എത്തുന്നുണ്ട്. അവർക്ക് പതിനെട്ടാം പടി കയറാൻ സമയം കൂടുതൽ വേണ്ടിവരുന്ന സന്ദർഭങ്ങളിൽ ഒരു മിനിറ്റിൽ കയറുന്നവരുടെ എണ്ണം 55ലേക്ക് വരെ ചുരുങ്ങുകയാണ്.
മണ്ഡലകാലം ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞ് ഏഴാം തീയതി മുതലാണ് ദിവസവും 90,000ത്തിന് മുകളിൽ തീർഥാടകർ എത്തിയത്. തമിഴ്നാട്ടിൽ ഉണ്ടായ മഴയും വെള്ളപ്പൊക്കവും കാരണം യാത്ര മാറ്റിവെച്ചിരുന്ന അവിടെ നിന്നുള്ള ഭക്തർ കൂടുതലായി കഴിഞ്ഞദിവസങ്ങളിൽ എത്തിത്തുടങ്ങി. ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പോലീസ് കൂടുതൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. പതിനെട്ടാം പടിയിൽ പരിശീലനം നേടിയ ചെറുപ്പക്കാരായ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പരമാവധി തീർഥാടകരെ കയറ്റി വിടാൻ ശ്രമിക്കും. സന്നിധാനത്ത് ഐജിയുടെ നേതൃത്വത്തിലും പമ്പയിൽ ഡിഐജിയുടെ നേതൃത്വത്തിലും ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ക്യൂ കോംപ്ലക്സിലെ ഹാളുകളിൽ പരമാവധി 250 പേരെ വരെ നിർത്താൻ സാധിക്കും.