തിരുവനന്തപുരം : നാളെ മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം. പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടർന്ന് പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സർവകക്ഷി യോഗം തീരുമാനിച്ചിരിക്കുന്നത്. നാളെ വൈകിട്ട് 3.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. വിഷുദിനത്തിലാണ് ജില്ലയിൽ എസ്ഡിപിഐ പ്രവർത്തനെ കൊലപ്പെടുത്തിയത്. ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിന്റെ കൊലപാതകം. പാലക്കാട് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം.
ഇന്നലെ ഉച്ചയോടെയായിരുന്നു ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വെച്ചായിരുന്നു സംഭവം. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളിലെത്തിയ സംഘം ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയർ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പാലക്കാട് നോർത്ത് കസബ സ്റ്റേഷൻ പരിധിയാലണ് സംഭവം.