ആലപ്പുഴ: യൂത്ത് കോൺഗ്രസിൽ പ്രായപരിധി 40 വയസാക്കി ഉയർത്തണമെന്ന് രാഷ്ട്രീയ പ്രമേയം. മാതൃ സംഘടനയായ കോൺഗ്രസിനെ വിമർശിച്ച പ്രമേയത്തിൽ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളിൽ യുവപ്രാധിനിത്യം ഉറപ്പാക്കണമെന്നും ആവശ്യം ഉയർന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ഉന്നം വച്ച് ജനപ്രതിനിധികളായ യൂത്ത്കോൺഗ്രസ് ഭാരവാഹികൾ ചുമതല ഒഴിയണമെന്ന് പാലക്കാട് നിന്നുള്ള പ്രതിനിധികൾ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസിൽ പ്രായ പരിധി 35 ൽ നിന്ന് 40 വയസാക്കി ഉയർത്തണമെന്നാണ് സംസ്ഥാന പഠനക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലെ ആവശ്യം. സംസ്ഥാന കമ്മിറ്റിയിലോ ജില്ലാ കമ്മിറ്റിയിലോ അംഗമായവർക്ക് യൂത്ത് കോൺഗ്രസിന്റെ ഭാഗമാകാൻ കഴിയുന്നില്ല.
പരിചയസമ്പന്നരുടെ കുറവ് സംഘടന പ്രവർത്തനത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് പ്രായപരിധി ഉയർത്തണമെന്ന ആവശ്യം. ആവശ്യത്തെ എതിർത്തും പിന്തുണച്ചും പ്രതിനിധികൾ രംഗത്തെത്തി. സംഘടന ഭാരവാഹിത്വം അലങ്കാരമായി കൊണ്ട് നടക്കുന്നവരെ ചുമതലകളിൽ നിന്ന് മാറ്റി നിർത്തുമെന്ന് പ്രമേയം മുന്നറിയിപ്പ് നൽകി. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പികളിൽ കെഎസ്‌യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും കടന്നുവന്ന യൂത്തിനെ പരിഗണിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.