പാലക്കാട് : വയനാട് ചേലക്കര പോളിംഗ് ശതമാന കണക്കുകൾ എൽഡിഎഫിനോടും യുഡിഎഫിനോടും സാധാരണ ജനങ്ങൾക്കുള്ള അതൃപ്ത്തിയാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു. വഖഫ് വിഷയത്തിൽ ക്രൈസ്തവർക്കുള്ള പ്രതിഷേധം പോളിംഗ് ശതമാനം കുറയാൻ കാരണമായി. തങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നു എന്ന ധാരണ ക്രൈസ്തവ വോട്ടർമാർക്ക് ഉണ്ടായി. ന്യൂനപക്ഷ അവകാശം ഒരു വിഭാഗത്തിന്‍റെ മാത്രം ആയി മാറി. തോൽക്കുന്നതിന്‍റെ കാരണം കണ്ടെത്തുകയാണ് സിപിഎം. 23ന് പറയേണ്ട കാരണം ഇപ്പോൾത്തന്നെ പറയേണ്ടതില്ലായിരുന്നു.
സിപിഎമ്മിന് ഇപ്പോൾ ചിഹ്നമില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ സിപിഎം ചിന്നഭിന്നമാകും. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പിണറായിക്ക് ഒരു അവാർഡ് കൊടുത്തു വിടാവുന്നതാണ്. പിണറായിയിൽ തുടങ്ങി പിണറായിയിൽ അവസാനിക്കുന്നതാണ് സിപിഎം. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും വലിയ തിരിച്ചടി കിട്ടും. യുഡിഎഫിന്‍റെ ജന പിന്തുണ വയനാട്ടിൽ അടക്കം കുറഞ്ഞു. മൂന്നാം ബദലിന് ജനം ആഗ്രഹിക്കുന്നു. യുഡിഎഫ് ഈ തിരഞ്ഞെടുപ്പിൽ അപ്രസക്തമാകും. ചേലക്കരയും പാലക്കാടും ബിജെപി ജയിക്കും. നിങ്ങളിൽ പലർക്കും അറ്റാക്ക് വരും. അതാണ് തന്‍റെ ആശങ്കയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.