കോന്നി : കാലങ്ങളായി യാത്രാദുരിതം നേരിട്ടിരുന്ന കരിമാൻതോട് മേലെപൂച്ചക്കുളം റോഡ് സഞ്ചാര യോഗ്യമാക്കി. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. വീതി കുറഞ്ഞ റോഡിൽ വലിയ വാഹനങ്ങൾ കടന്ന് പോകുന്നത് ഏറെ ദുഷ്കരമായിരുന്നു. ചപ്പാത്തുകളും കലുങ്കുകളും ഇല്ലാത്തതിനാൽ ഒരു മഴ പെയ്താൽ തന്നെ റോഡ് തകരുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. റോഡ് വീതി കൂട്ടി നവീകരിക്കണമെന്നത് ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. നവീകരണത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടി കോൺക്രീറ്റ് ചെയ്തു.
ഐറിഷ് ഓട, കലുങ്ക്, ചപ്പാത്ത് എന്നിവ നിർമ്മിച്ച് പ്രാഥമിക പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച ശേഷമാണ് റോഡ് ജനങ്ങൾക്കായി തുറന്നു നൽകിയത്. മേലെപൂച്ചക്കുളത്ത് നടന്ന ചടങ്ങിൽ നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം സുലേഖ എം. എസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ജെ ജെയിംസ്, വി വി സത്യൻ, ജാഗ്രതാ സമതി അംഗം എം ജെ ഷാജി,മുൻ ഗ്രാമപഞ്ചായത്ത് അംഗം പി പ്രഹ്ലാദൻ,തേക്കുതോട് ഗവൺമെന്റ് സ്കൂൾ പ്രിൻസിപ്പാൾ രാജീവ് കെ. കെ, അധ്യാപകൻ സജി ഇ.ആർ,അമ്പിളി ആനന്ദ്, ജിഷ്ണു മോഹൻ, പ്രിജി രാജ്, ഒ. എസ് വിജയൻ എന്നിവർ സംസാരിച്ചു.