പൂവത്തൂർ : ഗവ. എൽ.പി.സ്കൂളിന് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി വിദ്യാഭ്യാസവകുപ്പ് 17.5 ലക്ഷം രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പ് ബിൽഡിങ് സെക്ഷനാണ് നിർമാണച്ചുമതല. ജോലികൾ രണ്ടാഴ്ചകൊണ്ട് തീരുമെന്ന് പ്രഥമാധ്യാപകൻ സി.കെ.ചന്ദ്രൻ പറഞ്ഞു. ക്ലാസ്‌മുറികളെല്ലാം ടൈൽ പാകുക, മേൽക്കൂര സീലിങ് ചെയ്യുക, സ്കൂൾക്കെട്ടിടം മുഴുവൻ പെയിൻറ് ചെയ്യുക, റാമ്പോടുകൂടിയുള്ള പുതിയ ശൗചാലയനിർമാണം, അടുക്കളയുടെ പഴയ മേൽക്കൂര മാറ്റി പുതിയത് സ്ഥാപിക്കുക, പ്രഥമാധ്യാപകന്റെ ഓഫീസ് മുറിയുടെ കേടുപാടുകൾ തീർക്കുക തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്.
നവീകരണപ്രവർത്തനങ്ങൾ തുടങ്ങിയതിനാൽ സ്കൂളിന്റെ പ്രവർത്തനം സമീപത്തുള്ള സർവോദയ യു.പി.സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. 80 വർഷത്തോളം പഴക്കമുണ്ട് സ്കൂളിന്. 2018-ലെ വെള്ളപ്പൊക്കത്തെത്തുടർന്നാണ് സ്കൂൾക്കെട്ടിടം അപകടാവസ്ഥയിലായത്. അന്ന് ഒരാൾപ്പൊക്കത്തിൽ ഒരാഴ്ചയോളം സ്കൂൾ വെള്ളക്കെട്ടിലായിരുന്നു. പ്രഥമാധ്യാപകൻ ഉപയോഗിച്ചിരുന്ന ഓഫീസ് മുറിയും അപകടാവസ്ഥയിലായിരുന്നു. കോയിപ്രം പഞ്ചായത്ത് മരാമത്ത് അസിസ്റ്റന്റ് എൻജിനീയർ നാലുവർഷമായി ഈ കെട്ടിടം സുരക്ഷിതമല്ല എന്നുള്ള റിപ്പോർട്ടാണ് നൽകിയിരുന്നത്. പ്രധാന കെട്ടിടത്തിന്റെ ഓടുകൾ മാറ്റി ഷീറ്റുകൾ ഇട്ടിരുന്നെങ്കിലും സീലിങ് ചെയ്തിരുന്നില്ല. ചൂടുമൂലം കുട്ടികൾ ബുദ്ധിമുട്ടിയാണ് ക്ലാസ്‌മുറികളിൽ ഇരുന്നിരുന്നത്. ഒൻപതാംവാർഡംഗം എൻ.സി.രാജേന്ദ്രൻ നായരും സ്കൂൾക്കെട്ടിടം അപകടാവസ്ഥയിലാണെന്നുപറഞ്ഞ് വിദ്യാഭ്യാസവകുപ്പിന് പരാതി നൽകിയിരുന്നു.