കോഴഞ്ചേരി : വഞ്ചിപ്പാട്ടിന്റെയും വായ് കുരവയുടെയും അകമ്പടിയോടെ പൂവത്തൂർ പടിഞ്ഞാറ് പുത്തൻ പള്ളിയോടം പമ്പാനദിയിലെ വരപ്പുഴേത്ത് കടവിൽ നീരണിഞ്ഞു. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ നേതൃത്വം നൽകി. മന്ത്രി വീണാജോർജ്, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം ആർ.മോഹൻ കുമാർ, 52 കരകളിലേയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പമ്പയുടെ ഓളപ്പരപ്പിലേക്ക് തെന്നിയിറങ്ങിയ പള്ളിയോടം മറുകരയായ ഇടയാറന്മുളയിലെ ആറ്റുവഞ്ചിയിൽ തട്ടി നിശ്ചലമായി.
തുടർന്ന് ബോട്ടിന്റെ സഹായത്തോടെ കരയിൽ അടുപ്പിച്ചു. പള്ളിയോടത്തിൽ മുഖ്യതച്ചൻ ചങ്ങങ്കരി വേണു ആചാരിയും സഹകർമ്മി വിഷ്ണു വേണു ആചാരിയും പരിശോധന നടത്തി. പിന്നീട് ക്യാപ്റ്റനും കരക്കാരും വള്ളത്തിലേറി. ആറന്മുളയിലേക്കുള്ള പള്ളിയോടത്തിന്റെ കന്നി യാത്രയ്ക്ക് അകമ്പടി സേവിക്കാൻ പൂവത്തൂർ കിഴക്ക്, ഇടയാറന്മുള, തോട്ടപ്പുഴശേരി, പഴയ പൂവത്തൂർ പടിഞ്ഞാറ് എന്നീ പള്ളിയോടങ്ങൾ എത്തിയിരുന്നു. ആറന്മുളയിൽ എത്തി ക്ഷേത്ര ദർശനം കഴിഞ്ഞ് തിരികെ കരയിൽ എത്തിയ ശേഷം വിഭവസമൃദ്ധമായ വള്ളസദ്യയും നടന്നു. വരപ്പുഴേത്ത് കടവിന് സമീപം ചേർന്ന യോഗത്തിൽ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം ആർ.മോഹൻ കുമാർ അദ്ധ്യക്ഷതവഹിച്ചു. പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പള്ളിയോട ശിൽപ്പികളെ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി സാംബദേവൻ ആദരിച്ചു.