കൊച്ചി : കോമ്പെറ്റെന്റ് അതോറിറ്റി തലവന്‍ സഞ്ജയ് കൌളിനെ സഹായിക്കുവാന്‍ ഗോകുല്‍ ജി.ആര്‍ ഐ.എ.എസിനെ നിയമിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ജി.ഐ.എ) ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം നടക്കവേയാണ് സര്‍ക്കാര്‍ സ്വീകരിച്ച നടപടി അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
കോന്നി പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പില്‍ ഇരയായവര്‍ കോടതി മുഖേന ആവശ്യപ്പെട്ടതനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കോമ്പെറ്റെന്റ് അതോറിറ്റി തലവനായി സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ സഞ്ജയ് കൌളിനെ നിയമിച്ചത്. എന്നാല്‍ മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും ബഡ്സ് ആക്ട് പ്രകാരമുള്ള ഒരു നടപടിക്രമങ്ങളും കോമ്പെറ്റെന്റ് അതോറിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. സഞ്ജയ് കൌളിന് ഇരിക്കുവാന്‍ ഓഫീസോ സഹായിക്കുവാന്‍ ജീവനക്കാരെയോ സര്‍ക്കാര്‍ നല്‍കിയില്ല. നിക്ഷേപകരുടെ പരാതി സ്വീകരിക്കുവാനും സൗകര്യം ഒരുക്കിയിരുന്നില്ല. ബഡ്സ് ആക്ട് നടപ്പിലാക്കുവാനുള്ള ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിലും സര്‍ക്കാര്‍ അലംഭാവം കാട്ടി. കോടികള്‍ വിലമതിക്കുന്ന ആഡംബര വാഹനങ്ങള്‍ പിടിച്ചെടുത്തെങ്കിലും ഇത് ലേലം ചെയ്ത് പണമാക്കിയില്ല. മഴയും വെയിലുമേറ്റ് ഈ വാഹനങ്ങള്‍ നശിക്കുകയായിരുന്നു.
ഇതിനിടയില്‍ സഞ്ജയ് കൌളിന് ചില അധിക ചുമതലകള്‍ കൂടി സര്‍ക്കാര്‍ നല്‍കി. ഇതോടെ പോപ്പുലര്‍ കേസിന്റെ നടത്തിപ്പ് പൂര്‍ണ്ണ പരാജയത്തിലായി. തുടര്‍ന്ന് നിക്ഷേപകര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കോമ്പെറ്റെന്റ് അതോറിറ്റി നാളിതുവരെ ചെയ്ത കാര്യങ്ങള്‍ എന്തെന്ന് വെളിപ്പെടുത്തണമെന്ന് പി.ജി.ഐ.എ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടു. കോടതി ശക്തമായി ഇടപെടുമ്പോള്‍ എന്തെങ്കിലും ചെയ്തെന്നു വരുതിത്തീര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും നിക്ഷേപകര്‍ ആരോപിച്ചു. നിക്ഷേപകരുടെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ സഹായിയെ സര്‍ക്കാര്‍ അടിയന്തിരമായി നിയമിച്ചത്. ഒക്ടോബര്‍ ആറിന് വീണ്ടും കേസ് പരിഗണിക്കും. പോപ്പുലര്‍ കേസിന്റെ ഇതുവരെയുള്ള നടപടികള്‍ കോമ്പെറ്റെന്റ് അതോറിറ്റി തലവന്‍ സഞ്ജയ് കൌള്‍ അന്നേദിവസം രേഖാമൂലം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പിടിച്ചെടുത്ത ആഡംബര വാഹനങ്ങളുടെ ലേലനടപടികള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ജി.ഐ.എ) കൊട്ടാരക്കര ഗ്രൂപ്പിലെ ഇരുനൂറ്റമ്പതോളം നിക്ഷേപകരാണ് ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ റ്റി.കെ എന്നിവര്‍ മുഖേന കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.