ആലപ്പുഴ : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ആലപ്പുഴയിലെ സ്പെഷ്യല്‍ കോടതി പരിഗണിക്കും. ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചുകൊണ്ടാണ് പ്രതികള്‍ സ്പെഷ്യല്‍ കോടതിയെ സമീപിച്ചത്. റിമാന്റിലായി 60 ദിവസം കഴിഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്ന് പ്രതികളുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകനും കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കക്ഷികള്‍ക്ക് ആവശ്യമെങ്കില്‍ അപേക്ഷ പിന്‍വലിച്ചുകൊണ്ട് വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് പ്രതികള്‍ക്ക് വേണ്ടി ആലപ്പുഴ സ്പെഷ്യല്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹൈക്കോടതിയില്‍ നിന്നും അപേക്ഷ പിന്‍വലിച്ച വെള്ളിയാഴ്ച ദിവസം തന്നെയാണ് ആലപ്പുഴ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
റിമാന്റിലായി 60 ദിവസം കഴിഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. എന്നാല്‍ പ്രമാദമായ ഒരു സാമ്പത്തിക തട്ടിപ്പ് കേസായതിനാല്‍ ഒരുപക്ഷെ ഇന്ന് തിരക്കിട്ട് ജാമ്യം നല്‍കുവാന്‍ സാധ്യതയില്ല. കൂടുതല്‍ വാദത്തിനുവേണ്ടി കേസ് മാറ്റിവെക്കാം. അഥവാ ഇവര്‍ക്ക് ജാമ്യം ലഭിച്ചാലും മറ്റു കേസുകളില്‍ പോലീസിന് ഇവരെ വീണ്ടും അറസ്റ്റ് ചെയ്യാം. ഇപ്പോള്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത് കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത ആനിയമ്മ കോശിയുടെ കേസിലാണ്. ഈ കേസിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് 1300 ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ പോലീസിന് ഏതുസമയത്തും ഇവരെ വീണ്ടും അറസ്റ്റ് ചെയ്യാം. തൃശൂര്‍ കോടതിയിലെ പന്ത്രണ്ടോളം കേസുകളില്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.