പത്തനംതിട്ട: പോപ്പുലർ നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിൻ്റെ അപേക്ഷ കോടതി തള്ളി. പത്തനംതിട്ട ജില്ലാ കോടതിയാണ് അപേക്ഷ തള്ളിയത്. അതേസമയം പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളായ റോയ് ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ, മക്കളായ റീനു, റീബ എന്നിവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ കോടതി നാളെ പരിഗണിക്കും.
പോപ്പുലർ ഫിനാൻസ് ഉടമകൾക്കായി ഹൈക്കോടതിയിലെ പ്രഗത്ഭരായ വക്കീലന്മാരാണ് ഹാജരായത്. ഇവരുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. റോയിയെ കൊട്ടാരക്കര സബ് ജയിലിലേക്കും ഭാര്യ പ്രഭയേയും മക്കളായ റീനുവിനെയും റീബയേയും തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ സബ് ജയിലിലേക്കും കൊണ്ടു പോയി.
അതേസമയം കേസിൽ സിബിഐ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇക്കാര്യം ഹൈക്കോടതിയെ സർക്കാർ അറിയിക്കും. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പതിമൂന്ന് ഹർജികളായിരുന്നു തിങ്കളാഴ്ച ഹൈക്കോടതിയുടെ മുൻപാകെ എത്തിയത്.
രാജ്യത്തിന് പുറത്തും പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് ആസ്തികൾ ഉള്ളതിനാൽ അന്വേഷണത്തിന് ലോക്കൽ പോലീസിന് പരിമിതികളുണ്ടെന്ന് പത്തനംതിട്ട എസ് പി കെ ജി സൈമൺ സർക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസ് സിബിഐയ്ക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്.
സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഇരുനൂറ്റി എഴുപത്തി അഞ്ച് ബ്രാഞ്ചുകളാണ് പോപ്പുലർ ഫിനാൻസിനുള്ളത്. രണ്ടായിരം കോടിയുടെ തട്ടിപ്പാണ് ഇതുവരെ ഇവർ നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.