ആലപ്പുഴ : പോപ്പുലർ ഫിനാൻസ് കേസിൽ പ്രതികളുടെ മേൽ പിടിമുറുക്കി കോടതിയും. അറസ്റ്റ് ചെയ്ത് 60 ദിവസത്തിനു ശേഷവും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒന്നുമുതൽ നാലുവരെ പ്രതികളായ തോമസ് ഡാനിയേൽ, ഭാര്യ പ്രഭാ തോമസ്, മക്കളായ ഡോ. റീനു മറിയം, റീബ തോമസ് എന്നിവര്‍ ആലപ്പുഴ സ്പെഷ്യല്‍ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളി. 10 വർഷത്തിനുമേൽ ശിക്ഷ ലഭിക്കാൻ സാധ്യതയുളള കേസായതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. സ്വാഭാവിക ജാമ്യം ലഭിക്കുവാന്‍ 60 പോരെന്നും ബഡ്സ് ആക്ട് പ്രകാരം 90 ദിവസം വേണമെന്നും കോടതി പറഞ്ഞു.
കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത ആനിയമ്മ കോശിയുടെ കേസിലാണ് ഇവര്‍ ജാമ്യം തേടിയത്. നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ വിധി പറഞ്ഞിരുന്നില്ല. റിമാന്റില്‍ ആയിട്ട് 60 ദിവസം കഴിഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം നിരാകരിച്ചിരുന്നു. ആവശ്യമെങ്കില്‍ പ്രതികള്‍ക്ക് ഹൈക്കോടതിയിലെ ജാമ്യാപേക്ഷ പിന്‍വലിച്ചുകൊണ്ട് വിചാരണ കോടതിയെ സമീപിക്കാമെന്നും കോടതി വാക്കാല്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് പോപ്പുലര്‍ ഉടമകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ജാമ്യാപേക്ഷ പിന്‍വലിച്ച് ആലപ്പുഴ സ്പെഷ്യല്‍ കോടതിയെ സമീപിക്കുകയായിരുന്നു. അഞ്ചാം പ്രതി ഡോ.റിയയുടെ റിമാൻഡ് കാലാവധി കഴിയാത്തതിനാൽ അപേക്ഷ നൽകിയിരുന്നില്ല. ഒന്നാം പ്രതി മാവേലിക്കര ജയിലിലും മറ്റുളളവർ തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലുമാണ്.
ആലപ്പുഴയിലെ സ്പെഷ്യല്‍ കോടതി ജാമ്യാപേക്ഷ തള്ളിയതിനെതുടര്‍ന്ന് പ്രതികള്‍ ഇന്നലെ ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. എന്നാല്‍ കോടതി അപേക്ഷ സ്വീകരിച്ചില്ല. ആവശ്യമെങ്കില്‍ അപ്പീല്‍ നല്‍കുവാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് അപ്പീല്‍ നല്‍കുവാനുള്ള ഒരുക്കത്തിലാണ് പ്രതിഭാഗം അഭിഭാഷകര്‍. അപ്പീല്‍ നല്‍കിയാലും ജാമ്യം ലഭിക്കുവാന്‍ സാധ്യതയില്ല. സ്വാഭാവിക ജാമ്യം ലഭിക്കുന്നതിന് 90 ദിവസം പൂര്‍ത്തിയാകുകയും വേണം. ഇതിനിടയില്‍ നിരവധി അറസ്റ്റുകള്‍ നടക്കാനും സാധ്യതയുണ്ട്. ഇത് കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. ഏറെനാള്‍ റിമാന്റില്‍ കഴിയേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
പുതിയ പരാതികളിൽ ഇവരുടെ അറസ്റ്റ് തടയണമെന്നും മുൻകൂർ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ കോടതി അഞ്ചിനു പരിഗണിക്കാൻ മാറ്റി. ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച പ്രതികളോട് അതതു കോടതിയിൽ തന്നെ ജാമ്യാപേക്ഷ സമർപ്പിക്കാൻ നിർദേശിച്ചതിനെതുടർന്നാണ് പ്രതികള്‍ ആലപ്പുഴ കോടതിയെ സമീപിച്ചത്.
പാലക്കാട് സൗത്ത്, നോർത്ത്, തൃശൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി തേടി ഹാജരായ പോലീസ് ഉദ്യോഗസ്ഥർക്ക് കോടതി അതിന് അനുമതി നൽകിയിട്ടുണ്ട് . പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി.ബൈജുവാണ് ഹാജരായത്. അഞ്ചാംതീയതി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ പി.പി ഗീത ഹാജരാകും.
https://www.facebook.com/mediapta/videos/1412007012336552/