പത്തനംതിട്ട: സംസ്ഥാനത്തെ ഞെട്ടിപ്പിച്ച പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉടമകളുടെ പേരില്‍ ഇന്ത്യയിലെ വിവിധ ബാങ്കുകളിലുളളത് 1760 അക്കൗണ്ടുകള്‍. രാജ്യത്തെ ദേശസാത്‌കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകളിലായാണ് ഇവര്‍ക്ക് ഇത്രയധികം അക്കൗണ്ടുകളുളളത്. അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി ഇന്‍സ്പെക്ടര്‍ പി.എസ്.രാജേഷ് ബാങ്കുകള്‍ക്ക് കത്ത് നല്‍കി.
കോന്നിയില്‍ നിന്ന് മാത്രം മൂവായിരം നിക്ഷേപകരുടെ പരാതിയാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്കെതിരെ ലഭിച്ചിരിക്കുന്നത്. ഏഴരക്കോടിയിലധികം രൂപയുടെ നിക്ഷേപം സംബന്ധിച്ച പുതിയ പരാതിയും തട്ടിപ്പ് സംഘത്തിന് എതിരെ ലഭിച്ചിട്ടുണ്ട്. രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് നടന്നെങ്കിലും പോലീസ് അന്വേഷണത്തില്‍ ഇവരുടെ 125 കോടി രൂപയുടെ ആസ്തിയാണ് കണ്ടെത്തിയത്. വിദേശരാജ്യങ്ങളിലേക്ക് കടത്തിയതായി പറയുന്ന തുക നാട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ നിക്ഷേപകര്‍ക്ക് പ്രതീക്ഷയ്‌ക്ക് വകയുളളൂവെന്നാണ് പോലീസ് പറയുന്നത്.
പോപ്പുലര്‍ ഫിനാന്‍സിന്റെ വകയാര്‍ ഹെഡ് ഓഫീസില്‍ നിന്ന് ഡയറക്ടര്‍മാരിലൊരാളായ റിനു മറിയം തോമസ് രേഖകള്‍ കടത്താന്‍ ശ്രമിച്ചെങ്കിലും സംഭവം പരാജയപ്പെട്ടു. ജീവനക്കാരുടെ ഇടപെടല്‍ കാരണമാണ് നടക്കാതെ പോയത്. പോപ്പുലര്‍ മേരിറാണി നിധി ലിമിറ്റഡ് എന്ന എല്‍.എല്‍.പി.യുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത് സംബന്ധിച്ചുള്ള രേഖകളാണ് കടത്താന്‍ ശ്രമിച്ചത്. ഈ വിവരങ്ങള്‍ വകയാര്‍ ഹെഡ് ഓഫീസിലെ ജീവനക്കാര്‍ പോലീസിന്റെ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുഴുവന്‍ നിക്ഷേപകരുടെ വിവരങ്ങളും വകയാര്‍ ഹെഡ് ഓഫീസിലെ ജീവനക്കാര്‍ പോലീസിന് കൈമാറി.
രാജ്യാന്തര നിക്ഷേപങ്ങളും കള്ളപ്പണ ഇടപാടുകളും സംശയിക്കപ്പെടുന്ന കേസില്‍ അന്വേഷണം നടത്താന്‍ പൊലീസിന് വളരെയധികം പരിമിതികളുണ്ട്. കേസ് സി.ബിഐ ഏറ്റെടുക്കുന്നതോടെ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാനാകും. പോപ്പുലര്‍ ഉടമകളുടെ പണമിടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമാന്തര അന്വേഷണം ആരംഭിച്ചിരുന്നു.
രാജ്യത്തും പുറത്തുമായി ഉള്ള പോപ്പുലര്‍ ഉടമകളുടെ നിക്ഷേപവും വസ്തു ഇടപാടുകളും ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ നേരത്തേ ഡി.ജി.പി.ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് അന്വേഷണം സി.ബി.ഐ.ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കുന്ന മുറയ്ക്ക് പോലീസ് അന്വേഷണ വിവരങ്ങള്‍ സി.ബി.ഐക്ക് കൈമാറും.