പത്തനംതിട്ട : പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ് കേസില്‍ കോന്നി പോലീസ് സ്റ്റേഷനില്‍ മാത്രം കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നുള്ള സംസ്ഥാന പോലീസ് ചീഫിന്റെ സര്‍ക്കുലറിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കുവാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പോപ്പുലര്‍ ഫൈനാന്‍സിയഴ്‌സ് നിക്ഷേപകരുടെ കൂട്ടായ്മ തീരുമാനിച്ചു.
സംസ്ഥാനത്തും പുറത്തുമായി നൂറുകണക്കിന് ശാഖകളിലൂടെ ആയിരക്കണക്കിന് നിക്ഷേപകരുടെ കോടിക്കണക്കിന് രൂപാ തട്ടിയെടുത്ത പോപ്പുലര്‍ ഉടമകള്‍ക്കെതിരെ ആതാത് സ്റ്റേഷനുകളിലെ പരാതികളില്‍ വ്യത്യസ്ഥ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതെ കോന്നിയില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് മറ്റു പരാതിക്കാരെ സാക്ഷിയാക്കുവാനുള്ള നീക്കം പോപ്പുലര്‍ ഉടമകളെ നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടുത്താനാ ണെന്ന് നിക്ഷേപക കൂട്ടായ്മ ചൂണ്ടിക്കാട്ടി
പോപ്പുലര്‍ ഉടമകളുടെ മുന്‍കാല ക്രയവിക്രയങ്ങള്‍ അന്വേഷിച്ച് സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ധനകാര്യ സ്ഥാപന നിക്ഷേപക സംരക്ഷണ നിയമവും കേന്ദ്ര സര്‍ക്കാരിന്റെ ഇതു സംബന്ധിച്ച നിയമവും പോപ്പുലര്‍ കേസില്‍ ബാധകമാക്കുകയും സി.ബി.ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ കേസ് അന്വേഷണണം ഏല്‍പ്പിക്കുകയും ചെയ്യണമെന്ന് യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു
നിക്ഷേപ തട്ടിപ്പില്‍ പങ്കെടുത്തവരേയും ഗൂഢാലോചനക്കു കൂട്ടു നിന്നവരേയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിന് സാധ്യമായ എല്ലാ നിയമവഴികള്‍ക്കും അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് യോഗം തീരുമാനിച്ചു. പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിലെ ഇരകള്‍ക്ക് കേസ് വിചാരണചെയ്യുന്നതിന് പത്തനംതിട്ടയില്‍ പ്രത്യേക കോടതി അനുവദിക്കണമെന്ന് കൂട്ടായ്മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പോപ്പുലര്‍ ഉടമകളുടെ സ്വത്തുവകകള്‍ കണ്ട് കെട്ടുന്നതിന് സര്‍ക്കാര്‍ അടിയന്തിര നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു
ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നിക്ഷേപക കൂട്ടായ്മ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, സെക്രട്ടറിമാരായ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, അനീഷ് വരിക്കണ്ണാമല, ഡി.സി.സി പോപ്പുലര്‍ ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍മാരായ സാമുവല്‍ കിഴക്കുപുറം, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, കെ. ജയവര്‍മ്മ, എ. സുരേഷ് കുമാര്‍, കാട്ടൂര്‍ അഭ്ദുള്‍ സലാം, വി.ആര്‍ സോജി, സുനില്‍ എസ് ലാല്‍, ജോണ്‍സണ്‍ വിളവിനാല്‍, ഷാം കുരുവിള, വി.സി സാബു, ടി.എച്ച് സിറാജ്ജുദ്ദീന്‍, ജോമോന്‍ കോശി, എസ്.പി. സജന്‍, ലാലി ജോണ്‍ സുസ്മിത കുമാരി, ഫാ. പുല്ലേലില്‍ എന്നിവര്‍ പ്രസംഗിച്ചു.