കൊച്ചി : കോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഉടമകളെ അറസ്റ്റ് ചെയ്തു. ഇന്ന് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത് ചോദ്യം ചെയ്യുവാന്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ രണ്ടായിരം കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്നാണ് ഇ.ഡിയുടെപ്രാഥമിക കണ്ടെത്തല്‍.
പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍ എന്ന റോയിയും മകളും തട്ടിപ്പിന്റെ മുഖ്യ സൂത്രധാരയുമായ ഡോക്ടര്‍ റിനു മറിയം തോമസുമാണ് ഇന്ന് അറസ്റ്റിലായത്. തോമസ് ദാനിയേലിന്റെ ഭാര്യ പ്രഭാ തോമസും മക്കളായ റിയ, റീബാ എന്നിവരും പ്രതിപട്ടികയിലുണ്ട്. ഇവരെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടില്ല. നിക്ഷേപമായി ലഭിച്ച പണം ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കടത്തിയതായി ഇ.ഡിക്ക് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പ്രധാന പ്രതികളുടെ അറസ്റ്റ് നടന്നത്. നാളെ കോടതിയില്‍ ഹാജരാക്കും.
വിവിധ സ്റ്റേഷനുകളിലായിട്ടാണ് 1,368 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിബിഐ കൊച്ചി യൂണിറ്റാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നത്. കൊച്ചി യൂണിറ്റ് എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം.