പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാൻ പോലീസ് തീരുമാനം. 2000 കോടിയോളം രൂപയുടെ തട്ടിപ്പ് വിവിധ സംസ്ഥാനങ്ങളിലായി നടത്തിയെന്നാണു പോലീസ് നിഗമനം. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കമ്പനി ഉടമകൾക്ക് ഭൂമി ഇടപാടുകളുണ്ട്. വിവിധ ബാങ്കുകളിലെ രഹസ്യ അക്കൗണ്ടുകളിൽ ഇവർ പണം നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പണം ഓസ്ട്രേലിയയിലേക്കു കടത്തിയെന്നാണ് കരുതുന്നത്. മുൻപ് ഇവർ ഓസ്ട്രേലിയയിൽ നിന്ന് പഴയ കമ്പ്യൂട്ടർ ഇറക്കുമതി ചെയ്യുന്ന ബിസിനസ് നടത്തിയിരുന്നു. കമ്പ്യൂട്ടർ ഇടപാടിലൂടെ 6 കോടിയോളം രൂപ പ്രതികൾക്കു ലഭിച്ചു. ഇതിനു പിന്നാലെയാണ് പ്രത്യേക കമ്പനികൾ രൂപീകരിച്ച് പണം തട്ടാൻ ആസൂത്രണം നടന്നത്. അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസ് സിബിഐക്കു വിടണമെന്ന ഹർജിയിൽ കോടതി പോലീസിന്റെ വിശദീകരണം തേടിയതിനു പിന്നാലെയാണ് റിപ്പോർട്ട് കൈമാറിയത്.
മറ്റു സംസ്ഥാനങ്ങളിലെ വിവിധ ശാഖകളിലും കൊണ്ടുപോയി തെളിവു ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം.