പത്തനംതിട്ട : നിക്ഷേപകരുടെ കോടികള്‍ തട്ടി മുങ്ങിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളെ രക്ഷിക്കാന്‍ ഒരു പ്രബല സഭ അരയും തലയും മുറുക്കി രംഗത്ത്. സര്‍ക്കാരുമായി ഇവര്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായിരുന്നു എല്ലാ കേസിനും കൂടി ഒരു എഫ്‌ഐആര്‍ എന്ന വിചിത്ര നിയമമെന്ന വിവരവും പുറത്തു വരുന്നു. അറസ്റ്റിലാകും മുന്‍പ് പോപ്പുലര്‍ ഉടമകള്‍ക്കൊപ്പം സഭാ അരമനയില്‍ യോഗം ചേര്‍ന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരില്‍ സമ്മര്‍ദമുണ്ടായതും ഒറ്റ എഫ്‌ഐആര്‍ എന്ന തീരുമാനത്തില്‍ എത്തിയതും.
സര്‍ക്കാരിന്റെ മൈലേജ് വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള തന്ത്രമായിരുന്നു തുടര്‍ന്ന് നടന്ന പോപ്പുലര്‍ ഉടമകളുടെ അറസ്റ്റ് നാടകം. നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിക്കുകയും എല്ലാ പരാതിക്കും പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതോടെ രക്ഷാപ്രവര്‍ത്തനം പാളി. ഇപ്പോള്‍ ലഭിക്കുന്ന പരാതികളില്‍ മിക്ക സ്റ്റേഷനുകളിലും എഫ്‌ഐആര്‍ ഇടുന്നത് വൈകിപ്പിക്കുകയാണ്.
പോപ്പുലര്‍ ഉടമകളായ റോയിയും ഭാര്യയുമെല്ലാം ചേര്‍ന്നാണ് അരമനയിലെ ചര്‍ച്ചയില്‍ പങ്കെടുത്തത്. കേസില്‍ രക്ഷപ്പെടണമെങ്കില്‍ സര്‍ക്കാരിന്റെ സഹായം ഇവര്‍ക്ക് ആവശ്യമായിരുന്നു. അതിന് വേണ്ടിയായിരുന്നു ചര്‍ച്ചയും യോഗവും. ഇതിന് പിന്നാലെ സര്‍ക്കാരിലെ ഉന്നതനെ കണ്ട് സഹായം ഉറപ്പാക്കി. എന്നാല്‍, നിക്ഷേപകരുടെ കോടികള്‍ പോയ കേസ് ആയതിനാല്‍ അറസ്റ്റുമായി സഹകരിക്കണമെന്ന നിര്‍ദ്ദേശമാണ് അവിടെ നിന്ന് കിട്ടിയത്. സഹകരിച്ചാല്‍ വലിയ കേടുപാട് കൂടാത്ത വിധം കേസ് കൈകാര്യം ചെയ്യാമെന്നൊരു വാഗ്ദാനവും ലഭിച്ചത്രേ. അങ്ങനെയാണ് സഭയുടെ തന്നെ മറ്റൊരു അരമനയുടെ കീഴില്‍ ഒളിവില്‍ പാര്‍ത്തിരുന്ന റോയിയെയും ഭാര്യ പ്രഭയെയും പത്തനംതിട്ട-കോട്ടയം ജില്ലാ അതിര്‍ത്തിയായ ഇടിഞ്ഞില്ലത്തുകൊണ്ടു വന്ന് പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ക്ക് കൈമാറിയത്.
ഇവരെ പോലീസിന് കൈയില്‍ കിട്ടിയതിന് തൊട്ടുപിന്നാലെ പിണറായി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഈ വിവരം പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോള്‍ കൈമാറി കിട്ടിയ പ്രതികളുമായി പോലീസ് സംഘം തിരുവല്ല പോലും പിന്നിട്ടിരുന്നില്ല. തങ്ങള്‍ യോഗം വിളിച്ചിരുന്നുവെന്ന ആരോപണം സഭാധികൃതര്‍ നിഷേധിക്കുന്നില്ല. എന്നാല്‍, അത് അരമനയില്‍ വച്ചായിരുന്നില്ലെന്നും പുറത്തായിരുന്നുവെന്നും ഒരു പുരോഹിതനാണ് നേതൃത്വം നല്‍കിയത് എന്നുമുള്ള തരത്തിലൊരു പ്രചാരണം നടത്തുകയാണ്.
ഇതു സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നുവെന്ന് അറിഞ്ഞതോടെ അരമനയിലെ സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞതായും ആരോപണമുണ്ട്. ചില രാഷ്ട്രീയക്കാരുടെ പിന്തുണയും യോഗത്തിന് ലഭിച്ചിരുന്നു. ഹൈക്കോടതി ഇടപെടല്‍ വന്നതോടു കൂടി സര്‍ക്കാര്‍ കൈയെടുത്തു. ഇതിന് ശേഷമാണ് പോപ്പുലര്‍ തട്ടിപ്പിന് എതിരേ സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി പ്രതികരിക്കാന്‍ തയാറായത് എന്നതും ശ്രദ്ധേയമാണ്. എല്ലാം കൂട്ടിവായിക്കുമ്പോള്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നുള്ള അട്ടിമറി ശ്രമവും സംശയിക്കേണ്ടി വന്നിരിക്കുകയാണ്.
പരാതികള്‍ കൂടുതലായി വന്നു കൊണ്ടിരിക്കുകയാണ്. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയാറാകുന്നില്ലെന്ന് വ്യാപക പരാതി നിക്ഷേപകര്‍ക്ക് ഇടയില്‍ നിന്നുണ്ട്. പരാതിയുമായി ചെല്ലുന്നവരെ പോലീസ് പറഞ്ഞു വിടുകയാണെന്നും പരാതി വാങ്ങി വച്ചിട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുന്നുവെന്നുമാണ് ആക്ഷേപം. ആദ്യഘട്ടത്തില്‍ പോപ്പുലര്‍ ഉടമകള്‍ രക്ഷപ്പെടാന്‍ വേണ്ടി പല നാടകങ്ങളും അവതരിപ്പിച്ചിരുന്നു. അതിലൊന്നായിരുന്നു സ്ഥാപനം മറ്റൊരു ഫിനാന്‍സ് കമ്പനി ഏറ്റെടുക്കുന്നുവെന്ന തരത്തില്‍ നടത്തിയ പ്രചാരണം.
ഇതിനായി വകയാറിലെ ആസ്ഥാനത്ത് മാനേജര്‍മാരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചിരുന്നു. പോപ്പുലറിനെ മറ്റൊരു സ്ഥാപനം ഏറ്റെടുക്കുന്നുവെന്നും നിക്ഷേപകര്‍ പലിശയ്ക്കായി രണ്ടുമാസം കൂടി കാത്തിരിക്കണമെന്നും അനുനയത്തിലൂടെ പറയുകയായിരുന്നു ലക്ഷ്യം. ഈ രണ്ടു മാസം കൊണ്ട് വിദേശത്തേക്ക് കടക്കാനുള്ള ശ്രമമായിരുന്നു ഉടമകളുടേത്. അതിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തി. ഔഡി ഉള്‍പ്പെടെയുള്ള ആഡംബര കാറുകള്‍ റോയി വിറ്റു കാശാക്കി. ഉണ്ടായിരുന്ന രണ്ടു ബെന്‍സ് കാറുകളില്‍ ഒരെണ്ണം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശേഷിച്ചത് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇതും വിറ്റിരിക്കാമെന്നാണ് നിഗമനം.
ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് പണി മൊത്തം പാളിയതോടെ ആദ്യം രക്ഷകവേഷം കെട്ടിയ സര്‍ക്കാരും കൈവിട്ടു. പ്രൊട്ടക്ഷന്‍ ഓഫ് ദ ഇന്‍വെസ്റ്റര്‍ ഓഫ് ദി ഇന്‍വെസ്റ്റ്സ് ആക്‌ട് 2013 കൂടി ചുമത്തിയതോടെ ഉടമകള്‍ക്ക് ഉടനെയൊന്നും പുറത്തു വരാന്‍ കഴിയാത്ത സ്ഥിതിയായി.