പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പ്രതികൾക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. 10 ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നൽകിയത്. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് അപേക്ഷ നൽകിയിട്ടുള്ളത്. പോപ്പുലർ ഫിനാൻസ് സ്ഥാപന ഉടമ റോയി ഡാനിയലും ഭാര്യയും മക്കളും നിലവിൽ റിമാൻഡിലാണ്. തട്ടിപ്പിൽ റോയിയുടെ മക്കളായ റിനു മറിയത്തിനും റിയ ആനിനുമാണ് മുഖ്യ പങ്കെന്ന് ജില്ലാ പോലീസ് മേധാവി കോടതിയെ അറിയിച്ചിരുന്നു.
2014 ലാണ് റോയി ഡാനിയേൽ മക്കളുടെ പേരിലേയ്ക്ക് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയത്. അന്നു മുതൽ പോപ്പുലറിന്റെ പതനത്തിനും തുടക്കം കുറിച്ചു. ഉടമസ്ഥാവകാശം കിട്ടിയ ഉടൻ മക്കൾ പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ പ്രിന്റേഴ്സ്, നിധി പോപ്പുലർ എന്നീ പേരുകളിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങി. പോപ്പുലർ ഫിനാൻസിന്റെ മറവിൽ ഈ സ്ഥാപനങ്ങളിലേയ്ക്ക് നിക്ഷേപം സ്വീകരിച്ചു. ഇതൊന്നും അറിയാതെ വർഷങ്ങളുടെ പഴക്കമുള്ള പോപ്പുലർ ഫിനാൻസിൽ വിശ്വസിച്ച് ആളുകൾ പണം നിക്ഷേപിച്ചു കൊണ്ടേയിരുന്നു.
എന്നാൽ പുതിയ സ്ഥാപനങ്ങളിലേക്കുള്ള നിക്ഷേപം സ്വീകരിച്ചത് എല്ലാം എൽഎൽപി വ്യവസ്ഥയിലായിരുന്നു. എൽഎൽപി വ്യവസ്ഥയിൽ നിക്ഷേപം സ്വീകരിച്ചാൽ നിക്ഷേപകർക്ക് കമ്പനിയുടെ ലാഭ വിഹിതം മാത്രമാണ് കിട്ടുക. കമ്പനി നഷ്ടത്തിലായാൽ ആനുപാതികമായി നിക്ഷേപകരുടെ പണവും നഷ്ടപ്പെടും. എന്നാൽ പണം സ്വീകരിക്കുന്നത് ഈ വ്യവസ്ഥയിലാണെന്ന് ഒരു ഘട്ടത്തിൽ പോലും നിക്ഷേപകരെ സ്ഥാപനം അറിയിച്ചില്ല.
സ്ഥാപനത്തിന്റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണം 12 ശതമാനം പലിശ നിക്ഷേപകർക്ക് കൊടുക്കാൻ കഴിയാതിരുന്നതാണെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. നിക്ഷേപകരെ വഞ്ചിച്ച് സ്ഥാപന ഉടമകൾ 2000 കോടി രൂപ തട്ടിയെന്നായിരുന്നു റിമാന്റ് റിപ്പോർട്ട്.