പത്തനംതിട്ട : വകയാർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫിനാൻസ് തകർന്നതോടെ നിക്ഷേപകരെ പോലെ എല്ലാം നഷ്ടപ്പെട്ട് നിൽക്കുകയാണ് പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിലെ ജീവനക്കാരും.
പലരും വൻ സാമ്പത്തിക ബാധ്യതയിലാണ്. പോപ്പുലറിന്റെ ബ്രാഞ്ചുകൾ പൂട്ടിയതോടെ എല്ലാവരുടെയും വരുമാന മാർഗ്ഗം പൂർണ്ണമായും അടഞ്ഞു .അതേ സമയം കോവിഡ് 19 ന്റെ സാഹചര്യത്തിൽ പുതിയ ജോലി ലഭിക്കാൻ സാധ്യതയില്ലാത്തതും ഇവരെ കുഴയ്ക്കുന്നു. ഇതു കൂടാതെ ബ്രാഞ്ചിലെ തങ്ങളുടെ ജോലി നിലനിർത്താനായ സാധാരണക്കാരായ ജനങ്ങളിൽ നിന്ന് ഇവർ പിരിച്ചു നൽകിയ വൻ തുകയ്ക്കും ഇവർ തന്നെ കണക്ക് പറയേണ്ട അവസ്ഥയാണ്.
പോപ്പുലർ ഗ്രൂപ്പിൽ ഡോ. റിനു ചുമതലയേറ്റതിനു ശേഷം പോപ്പുലറിലെ അറ്റൻഡർ മുതൽ മാനേജർ വരെ ഓരോരുത്തർക്കും വാർഷിക ടാർഗറ്റ് കമ്പനി നൽകിയിരുന്നു. 2 കോടി രൂപയാണ് ബ്രാഞ്ചുകൾക്ക് നൽകിയിരുന്ന കുറഞ്ഞ നിക്ഷേപ ലക്ഷ്യം. ടാർഗറ്റ് അനുസരിച്ച് ഓരോ ജീവനക്കാരനും പിരിച്ചു നൽകേണ്ട തുക നിശ്ചയിക്കും. കോടിക്കണക്കിനു രൂപ ഇത്തരത്തിൽ ജീവനക്കാർ പിരിച്ചു നൽകി.
സ്വന്തം പണവും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അയൽവാസികളുടെയും പണവും ഇങ്ങനെ നിക്ഷേപിച്ചിട്ടുണ്ട് ജീവനക്കാർ. സ്ഥാപനം തകർന്നതോടെ സ്വന്തം വീട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് ജീവനക്കാർ . കിടപ്പു രോഗികളുടെയും ഡയാലിസിസ് നടത്തുന്നവരുടെയും മക്കളുടെ വിവാഹത്തിനു സ്വരുക്കൂട്ടി വച്ചവരുടേതും അടക്കം നിക്ഷേപം ഇത്തരത്തിൽ ബാങ്ക് ശാഖകളിൽ എത്തിയിട്ടുണ്ട്.
അതേ സമയം ജനുവരി മുതൽ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് അടച്ചിരുന്നില്ല. എന്നാൽ അവരുടെ ശമ്പളത്തിൽ ഈ തുക കുറച്ചിട്ടുണ്ട്. 4 വർഷമായി വാർഷിക ഇൻക്രിമെന്റും നൽകിയിട്ടില്ല. 600 രൂപയാണ് വർഷം വർധിപ്പിച്ചിരുന്നത്. അത് 4 വർഷമായി നിലച്ചിരിക്കുന്നു. ഇൻക്രിമെന്റ് മുടങ്ങിയതോടെ ജീവനക്കാരിൽ എതിർപ്പ് ഉടലെടുത്തിരുന്നു . ഇക്കാര്യത്തിൽ ജീവനക്കാർ പരാതി അറിയിച്ചെങ്കിലും ഉടമസ്ഥർ മുഖവിലയ്ക്ക് എടുത്തില്ല . ഇതു കൂടാതെ പണം നഷ്ടമായ നിക്ഷേപകർ ഇടനിലക്കാരായി നിന്ന ജീവനക്കാരുടെ വീടുകളിൽ ചെന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും നിത്യ സംഭവങ്ങളായി മാറിയിരിക്കുകയാണ്.