പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സിന്റെ കോന്നി വകയാറിലുള്ള ഹെഡ് ഓഫീസില്‍ പോലീസ് പരിശോധന ആരംഭിച്ചു. നൂറുകണക്കിന് നിക്ഷേപകര്‍ സ്ഥലത്ത് തടിച്ചുകൂടി. ഇവരെ പോലീസ് വിരട്ടിയോടിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് അടൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങിയത്. നിക്ഷേപകര്‍ സംഘടിച്ച് രാവിലെ സ്ഥാപനത്തിനു മുന്നില്‍ സത്യാഗ്രഹം നടത്താനിരിക്കെയാണ് പോലീസ് പരിശോധനക്ക് എത്തിയത്.
നിക്ഷേപകര്‍ സ്ഥാപനത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനിടെ സ്ഥാപന ഉടമ പത്തനംതിട്ട സബ് കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത മാസം ഏഴിന് പരിഗണിക്കാന്‍ മാറ്റി. സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലുമായി 325 ശാഖകളാണുള്ളത്. സ്ഥാപനം 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക നിഗമനമെന്ന് പത്തനംതിട്ട എസ്.പി കെ. ജി സൈമണ്‍ പറഞ്ഞു. നിക്ഷേപകരുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 420 പ്രകാരം സ്ഥാപനത്തിനും ഉടമകള്‍ക്കുമെതിരെ വഞ്ചനാ കേസ് ചുമത്തിയതായും എസ്.പി പറഞ്ഞു.
പോപ്പുലര്‍ ഫിനാന്‍സിന് സംസ്ഥാനത്തുമാത്രം 270 ശാഖകളുണ്ട്. ഇവക്ക് പുറമെ തമിഴ്നാട്ടില്‍ 18ഉും കര്‍ണാടകത്തില്‍ 22ഉും മഹാരാഷ്ട്രയില്‍ ഒന്‍പതും ഹരിയാനയില്‍ ആറും ശാഖകളുള്ളതായി ഇവരുടെ വെബ്സൈറ്റിലുണ്ട്. ബ്രാഞ്ചുകളുടെ പത്രാസും പരസ്യവുമാണ് നിക്ഷേപകരെ കുഴിയില്‍ ചാടിച്ചത്. നിക്ഷേപകര്‍ക്ക് ഒന്‍പത് കടലാസ് കമ്പിനികളുടെ ഷെയര്‍ ആണ് നല്‍കി പറ്റിച്ചത്. നിക്ഷേപത്തിന് പകരം ഷെയര്‍ ആണ് താങ്കളുടെ കയ്യിലുള്ളത് എന്ന് നിക്ഷേപകരില്‍ ഒരാള്‍ പോലും അറിഞ്ഞില്ല . 15 ഉം 18 ഉം ശതമാനം പലിശ കിട്ടും എന്നറിഞ്ഞപ്പോള്‍ കണ്ണുംപൂട്ടി നിക്ഷേപം നടത്തുകയായിരുന്നു.