ബെംഗളൂരു: നൂറുകണക്കിന് മലയാളികള്‍ കര്‍ണാടകയിലും പോപ്പുലറിന്റെ തട്ടിപ്പിന് ഇരയായി. പണം നഷ്ടപ്പെട്ട ബെംഗളൂരു മലയാളികള്‍ പരാതിയുമായി കയറിയിറങ്ങുകയാണ്. നഗരത്തില്‍ 22 ബ്രാഞ്ചുകളുള്ള പോപ്പുലര്‍ ഫിനാന്‍സിനെതിരെ കൂടുതല്‍ നിക്ഷേപകര്‍ ഇന്ന് പരാതിയുമായി രംഗത്തെത്തി. തട്ടിപ്പിന് ഇരയായവരില്‍ സാധാരണക്കാര്‍ മുതല്‍ ഉന്നത രാഷ്ട്രീയക്കാര്‍വരെയുണ്ട്.
സര്‍ക്കാര്‍ സര്‍വീസില്‍നിന്നും സ്വകാര്യ കമ്പിനികളില്‍നിന്നും വിരമിച്ചവര്‍ നിക്ഷേപിച്ച പണമാണ് നഷ്ടമായത്. 200 കോടി രൂപയുടെ നിക്ഷേപമാണ് നഗരത്തില്‍നിന്നുമാത്രം സ്വരൂപിച്ചത്. ഇതില്‍ 98 ശതമാനവും മലയാളികളാണ്. മലയാളിയായ പ്രേംകുമാറാണ് യശ്വന്തപുരം പോലീസില്‍ പരാതി നല്‍കിയത്. ഇതോടെ കൂടുതല്‍പ്പേര്‍ പരാതിയുമായി രംഗത്തെത്തി.
പണം തിരിച്ചുകിട്ടുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം. വഞ്ചിക്കപ്പെട്ട നിക്ഷേപകര്‍ സിറ്റി പോലീസ് കമ്മിഷണര്‍ കമാല്‍ പാന്തിനെയും ഉപമുഖ്യമന്ത്രി അശ്വത് നാരായണനെയും കണ്ട് നടപടി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് കേസെടുത്തു.
സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ച ജനസമ്മിതിയുള്ളവരെയാണ് ബ്രാഞ്ച് മാനേജര്‍മാരായി നിയമിച്ചിരുന്നത്. ഇവരെ വിശ്വസിച്ചാണ് പലരും പണം നിക്ഷേപിച്ചത്. നിക്ഷേപകരില്‍ ഭൂരിഭാഗംപേരും പ്രായംചെന്നവരാണ്. ഇവര്‍ക്ക് പരാതി കൊടുക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്. നിക്ഷേപത്തില്‍നിന്നു ലഭിച്ച പണം കൊണ്ടാണ് ഇവരില്‍ പലരും ജീവിച്ചിരുന്നത്. ഭൂരിപക്ഷം പേരും വലിയ തുകയാണ് നിക്ഷേപിച്ചിട്ടുള്ളത്.