പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആരംഭിച്ചു. രണ്ടായിരം കോടിയുടെ തട്ടിപ്പാണ് പോപ്പുലര്‍ ഫിനാന്‍സ് നടത്തിയത്. ഇവര്‍ക്കു കള്ളപ്പണം ഇടപാടും ഉണ്ടെന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് സൂചന.
നിലവില്‍ ഈ കേസ് അന്വേഷിക്കുന്നത് പോലീസ് ആണ്. പോലീസിന് ലഭിച്ച തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി. 125കോടിയോളം രൂപയുടെ ആസ്തി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കള്ളപ്പണ ഇടപാടും പണത്തിന്റെ വരവും സംബന്ധിച്ച വിവരങ്ങളാവും ഇ.ഡി. പ്രധാനമായും പരിശോധിക്കുന്നത്.
പിടിയിലായവരെ ഉടന്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്യും. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് പൂര്‍ത്തിയാകും. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കുന്ന പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടും.