തൊടുപുഴ: സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണം നേരിടുന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ ജില്ലയിലെ മൂന്ന് ബ്രാഞ്ചുകളില്‍ റവന്യൂ വിഭാഗം പരിശോധന നടത്തി. സ്ഥാപനത്തില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കണ്ടുകെട്ടി ട്രഷറികളിലേക്ക് മാറ്റി.
നിക്ഷേപകര്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനുള്ള ജപ്തി നടപടികളുടെ ഭാഗമായാണിത്. തൊടുപുഴ, പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിലെ ഓഫീസുകളിലായിരുന്നു പരിശോധന.
തൊടുപുഴ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന് സമീപത്തെ ജില്ലയിലെ പ്രധാന ഓഫീസില്‍ ഇടുക്കി ആര്.ഡി.ഒ അതുല്‍ എസ്.നാഥ് പരിശോധനക്ക് നേതൃത്വം നല്കി. റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറുമെന്ന് അറിയിച്ചു.
തൊടുപുഴ തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടി, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഒ.എസ്. ജയകുമാര്‍, തൊടുപുഴ വില്ലേജ് ഓഫിസര്‍ ഹോര്‍മിസ് കുരുവിള, സ്പെഷല്‍ വില്ലേജ് ഓഫീസര്‍ ജി. സുനീഷ്, മറ്റ് റവന്യൂ, പോലീസ് ഉദ്യേഗസ്ഥര്‍ എന്നിവരും ഉണ്ടായിരുന്നു.