പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നല്‍കിയ പാപ്പര്‍ ഹര്‍ജിയില്‍ ഇന്ന് വിധി പറഞ്ഞില്ല. കേസ് ജനുവരി 28ലേക്ക് മാറ്റി.
കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടമകള്‍ പത്തനംതിട്ട സബ് കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തട്ടിപ്പിന് ശേഷം വിദേശത്ത് സുരക്ഷിതമായി എത്തിക്കഴിഞ്ഞ് കോടതിയില്‍ സമര്‍പ്പിക്കുവാന്‍ വേണ്ടി ഏറണാകുളത്തെ അഭിഭാഷകര്‍ മുഖേന മാസങ്ങള്‍ക്ക് മുമ്പേ തയ്യാറാക്കിയതായിരുന്നു പാപ്പര്‍ ഹര്‍ജി. കമ്പിനിയുടെ ചെയര്‍പേഴ്സന്‍ മേരിക്കുട്ടി ദാനിയേലിന്റെ പേര് ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവര്‍ പാപ്പര്‍ ഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ല. കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് ഉടമ റോയിയുടെ രണ്ടു പെണ്മക്കള്‍ രഹസ്യമായി വിദേശത്തേക്ക് കടക്കുവാനുള്ള ശ്രമത്തിനിടയില്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായത്. ഇതോടെ പിതാവായ തോമസ് ദാനിയേല്‍ എന്ന റോയിക്കും ഭാര്യ പ്രഭയ്ക്കും ഒളിവുജീവിതം അവസാനിപ്പിക്കേണ്ടിവന്നു. അറസ്റ്റിലായ പെണ്മക്കളെ പത്തനംതിട്ടയില്‍ എത്തിച്ചപ്പോള്‍ തന്നെ ഇരുവരും ജില്ലാ പോലീസ് സൂപ്രണ്ട് മുമ്പാകെ കീഴടങ്ങുകയായിരുന്നു. ഇതിനുശേഷമാണ് രണ്ടാമത്തെ മകള്‍ റിയയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
തുടര്‍ച്ചയായി കേസുകളും അറസ്റ്റുകളും വന്നപ്പോള്‍ പത്തനംതിട്ടയില്‍ നല്‍കിയ പാപ്പര്‍ ഹര്‍ജി തടസ്സമായി വന്നു. ജാമ്യം നല്‍കിയാല്‍ നിക്ഷേപകരുടെ പണം മടക്കിനല്കാം എന്ന് പ്രതികളുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ പാപ്പര്‍ ഹര്‍ജി പത്തനംതിട്ട കോടതിയില്‍ നിലനില്‍ക്കുമ്പോള്‍ നിക്ഷേപകരുടെ പണം മടക്കിനല്കാം എന്ന് പറയുന്നത് എങ്ങനെയെന്ന് നിക്ഷേപകര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്റെ ചോദ്യം പ്രതിഭാഗത്തിന് ആശയക്കുഴപ്പം സൃഷ്ടിച്ചു. തുടര്‍ന്ന് പാപ്പര്‍ ഹര്‍ജിയും പിന്‍വലിക്കാം എന്ന് പോപ്പുലര്‍ ഉടമകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതനുസരിച്ച് പത്തനംതിട്ട കോടതിയില്‍ പാപ്പര്‍ ഹര്‍ജി പിന്‍ വലിക്കാന്‍ അപേക്ഷയും നല്‍കിയിരുന്നു. നിക്ഷേപകര്‍ക്കുവേണ്ടി ഹാജരായ ഒരുവിഭാഗം അഭിഭാഷകര്‍ പാപ്പര്‍ ഹര്‍ജി പിന്‍ വലിക്കാന്‍ അനുവദിക്കരുതെന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍ പി.ജി.ഐ.എ ക്കുവേണ്ടി ഹാജരായ ന്യൂട്ടന്‍സ് ലോ അഭിഭാഷകര്‍ പാപ്പര്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും ഹര്‍ജി തള്ളണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. വിശദമായ വാദംകേട്ട കോടതി വിധി പറയാന്‍ ഇന്നത്തേക്ക് വെച്ചിരുന്നു. എന്നാല്‍ ഇന്ന് കോടതി സിറ്റിംഗ് ഇല്ലാതിരുന്നതിനാല്‍ വിധിപറയാന്‍ ഈ മാസം 28ലേക്ക് മാറ്റുകയായിരുന്നു.