കോന്നി: കോന്നി പോപ്പുലർ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന പരിശോധന പ്രഹസനമെന്ന ആക്ഷേപം ശക്തമാകുന്നു. വൻതോതിൽ പണം മാറ്റിയവരുടെ സ്ഥാപനങ്ങളും വീടുകളും ഒഴിവാക്കി പരിശോധന നടക്കുന്നതായാണ് ആരോപണം.
സ്ഥാപന ഉടമ തോമസ് ദാനിയേലിന്റെ ഭാര്യ സഹോദരൻ, മരുമക്കളുടെ വീട്, ബോർഡ് അംഗം തൃശൂർ സ്വദേശി പ്രമോദ് എന്നിവർ ഇതുവരെ പരിശോധനയുടെ പരിധിയില്‍ വന്നിട്ടില്ല. കാലതാമസം വരുന്നത് തെളിവ് നശിപ്പിക്കാനിടവരുത്തുമെന്ന് നിക്ഷേപകര്‍ പറയുന്നു. സ്ഥാപനത്തിന്റെ ആസ്ഥാമായ കോന്നി വകയാറിലെ ഓഫിസിൽ ജോലിചെയ്ത തൂപ്പുകാരികളുടെ വീടുകളിലും ഡ്രൈവർമാരുടെ വീടുകളിലുമാണ് ശനിയാഴ്ച പോലീസ് സംഘം പരിശോധന നടത്തിയത്. ഇത് അന്വേഷണം വഴിതിരിച്ചുവിട്ട് പോപുലർ ഫിനാൻസ് ഉടമകളെയും മക്കളെയും മരുമക്കളെയും രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിച്ചു.
ഒരു ഒറ്റ എഫ്.ഐ.ആറില്‍ ആയിരക്കണക്കിന് നിക്ഷേപകരുടെ കേസുകള്‍ ഒതുക്കി തീര്‍ക്കുവാനാണ് ശ്രമം നടക്കുന്നത്. നിക്ഷേപകരുടെ കൈവശമുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് മിക്ക പോലീസ് സ്റ്റേഷനുകളിലും വാങ്ങി വെക്കുകയാണ്. ഇതിന് യാതൊരു രേഖയും നല്‍കുന്നില്ല. നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പി കൊടുത്തപ്പോള്‍ അത് പറ്റില്ലെന്നും ഒറിജിനല്‍ തന്നെ വേണമെന്നും ചില പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം പിടിച്ചതായും നിക്ഷേപകര്‍ പറയുന്നു.
പോപ്പുലർ തട്ടിപ്പിലെ മുഖ്യ ആസൂത്രകയെ പിടികൂടാനായിട്ടില്ല. ഡോ. റിനുവിൻെറയും ഭർത്താവ് ഡോ. വില്ലിയുടെയും സാമ്പത്തിക ക്രയവിക്രയം സംബന്ധിച്ച അന്വേഷണം നടക്കാത്തതിൽ പോലീസ് ഉന്നത ഉദ്യോഗസ്ഥന്റെ സ്വാധീനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഡോ. റിയ പോപ്പുലറിന്റെ ഭരണം ഏറ്റെടുത്ത 2014 മുതലാണ് സാമ്പത്തിക തിരിമറി തുടങ്ങിയത്. ആ കാലഘട്ടത്തിലെ ജനറൽ മാനേജർമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവരെ അന്വേഷണസംഘം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇവർ പുതിയ ധനകാര്യ സ്ഥാപനം രൂപവത്കരിച്ച് തലപ്പത്തിരിക്കുന്നതായാണ് വിവരം.
നിലവിൽ പോപ്പുലർ ഫിനാൻസ് ഡയറക്ടർ ബോർഡ് അംഗങ്ങളിലേക്കും ഇവരുടെ അടുത്ത ബന്ധുക്കളിലേക്കും സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം എത്തിയിട്ടില്ല. പോപ്പുലർ ഫിനാൻസിന്റെ വകയാര്‍ എട്ടാം കുറ്റിക്ക് സമീപം പ്രവർത്തിക്കുന്ന അനെക്സിൽ അന്വേഷണസംഘം പരിശോധന നടത്തി. അനെക്സിലെ രണ്ടു മുറികളിലായി പ്രവർത്തിക്കുന്ന വകയാർ ലാബ് എൽ.എൽ.പി, പോപ്പുലർ നിധി ലിമിറ്റഡ്, പോപ്പുലർ ട്രെയിനിങ് കോളജ് എന്നിവിടങ്ങളിലാണ് കോന്നി സി.ഐ രാജേഷ്, കൊടുമൺ സി.ഐ അശോക്കുമാർ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഇവിടെനിന്ന് രേഖകൾ പിടിച്ചെടുത്തു.