കൊച്ചി: ശനിയാഴ്ച ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കേന്ദ്ര അന്വേഷണ ഏജന്‍സികളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തേടിയത്. 10 വയസ്സ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലില്‍ ഇരുന്ന് പ്രകോപനപരമായ മുദ്രവാക്യം വിളിക്കുകയും മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്യുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് പ്രകടനത്തിന്റെ ഭാഗമായ മുദ്രാവാക്യം അല്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നത്.
മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ സംഭവമെന്നു പോലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നത്. കുട്ടി അഞ്ച് മിനിറ്റിലേറെ നീണ്ടു നില്‍ക്കുന്ന മുദ്രാവാക്യമാണ് വിളിച്ചത്. എന്തായാലും ഒരാള്‍ പഠിപ്പിക്കാതെ കുട്ടി ഇത്തരമൊരു മുദ്രാവാക്യം വിളിക്കില്ല. കുട്ടിക്ക് ഈ മുദ്രാവാക്യം വിളിക്കാന്‍ കൃത്യമായി പരീശീലനം കിട്ടിയെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ഇതൊക്കെ കണക്കിലെടുത്ത് വര്‍ഗീയത വളര്‍ത്തുന്നതിന് പ്രത്യേക ശ്രമം നടക്കുന്നുണ്ട് എന്ന നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍.
കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണം. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കായുള്ള മുദ്രാവാക്യം സംഘാടകര്‍ നേരത്തേതന്നെ നല്‍കിയിരുന്നു എന്നും പറയുന്നുണ്ട്. എന്നാല്‍ ഇത് പോലീസ് വിശ്വസിക്കുന്നില്ല. അത്തരം നീക്കം ഉണ്ടായപ്പോള്‍ എന്തുകൊണ്ടാണ് തടയാത്തതെന്ന ചോദ്യവും പ്രസക്തമാണ്. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. കുട്ടിയെ ഉടന്‍ ചോദ്യം ചെയ്യാനാണ് സാധ്യത.