കൊച്ചി : പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഓസ്‌ട്രേലിയയിലേക്ക് വ്യാപിപ്പിച്ച് ഇഡി. തട്ടിപ്പിന്റെ കേന്ദ്രം പോപ്പുലർ ഗ്രൂപ്പ് പ്രോപ്പർട്ടി ലിമിറ്റഡ് കമ്പനിയാണെന്നും കേരളത്തിൽ നിന്ന് കടത്തിയ പണം നിക്ഷേപിച്ചത് പോപ്പുലർ ഗ്രൂപ്പ് പ്രോപ്പർട്ടി ലിമിറ്റഡിൽ ആണെന്നും ഇഡി വ്യക്തമാക്കി.
ബാങ്ക് രേഖകൾ പരിശോധിച്ച ശേഷം പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. പോപ്പുലർ ഫിനാൻസ് എംഡി തോമസ് ഡാനിയേൽ ഓസ്ട്രേലിയൻ കമ്പനിയായ പോപ്പുലർ ഗ്രൂപ്പിന്‍റെ ഡയറക്ടറാണെന്നും കമ്പനിയിൽ എത്രകോടിയുടെ നിക്ഷേപമുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്നും ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
അതേസമയം പോപ്പുലർ ഫിനാൻസ് തട്ടിപ്പിലൂടെ കമ്പനി ഉടമകൾ വൻതോതിൽ ഭൂമിയും സ്വത്തും വാങ്ങികൂട്ടിയെന്ന് എൻഫോഴ്സ്മെന്‍റ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. പാവങ്ങളുടെ നിക്ഷേപ തുക തട്ടിയെടുത്ത് നാല് സംസ്ഥാനത്ത് ഭൂമിയും കെട്ടിടങ്ങളും വാങ്ങിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികളായ തോമസ് ഡാനിയേൽ, റിനു മറിയം എന്നിവരുടെ കസ്റ്റഡി റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതൽ ചോദ്യം ചെയ്യലിന് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. പ്രതികളെ എറണാകുളം ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.