പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ (റോയി) പത്തനംതിട്ട സബ് കോടതിയില്‍ ഇന്ന് വൈകുന്നേരം പാപ്പർ ഹർജി ഫയൽ ചെയ്തു. വകയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനമായ പോപ്പുലര്‍ ഫിനാന്‍സിനെക്കുറിച്ച് നിക്ഷേപകരുടെ വ്യാപക പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ സ്ഥാപന ഉടമ തോമസ് ഡാനിയേല്‍ എന്ന റോയി പത്തനംതിട്ട സബ് കോടതിയിൽ പാപ്പർ സ്യുട്ട് ഫയൽ ചെയ്തു. പതിനാറായിരത്തോളം പേജുകൾ വരുന്ന നിക്ഷേപകരുടെ വിശദാംശങ്ങൾ ഉൾപ്പടെയാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കോടതി അടക്കുന്നതിനു മുമ്പ് വളരെ നാടകീയമായാണ് ഹര്‍ജിയുമായി എറണാകുളത്തുനിന്നും അഭിഭാഷകര്‍ എത്തിയത്. പോപ്പുലര്‍ തട്ടിപ്പിനെക്കുറിച്ച് ആദ്യം വാര്‍ത്ത നല്‍കിയത് പത്തനംതിട്ട മീഡിയയാണ് . മുത്തശ്ശി പത്രം പോപ്പുലറിനെ വെള്ള പൂശാനുള്ള ശ്രമം നടത്തിയിരുന്നു.
ഇതിനിടയിൽ റോയി തന്റെ പേരിലുള്ള നിരവധി സ്വത്തുവകകളും വിറ്റതായി റിപ്പോര്‍ട്ടുണ്ട്. പത്തനംതിട്ട റിംഗ് റോഡിലെ കോടികള്‍ വിലമതിക്കുന്ന വസ്തു കുമ്പഴ സ്വദേശി വാങ്ങിയത് ദിവസങ്ങള്‍ക്കു മുമ്പാണ്. വകയാറിലെ ചില വസ്തുക്കളും വിറ്റതായാണ് വിവരം. ഫലത്തില്‍ നിക്ഷേപകര്‍ക്ക് കൈമടക്ക് കൊടുക്കുവാനുള്ള സ്വത്തുക്കള്‍ പോലും മിച്ചമിട്ടിട്ടില്ല. 25,000 മുതല്‍ 50 ലക്ഷം വരെ നിക്ഷേപിച്ചവരാണ് പരാതി നല്‍കിയിരിക്കുന്നത്. കോന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം എട്ടുകോടിയിലധികം രൂപയുടെ ക്രമക്കേടുള്ളതായാണ് പ്രാഥമിക വിവരം. നൂറോളം പരാതികളാണ് പൊലീസിന് ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരാണ് പരാതിക്കാരില്‍ ഏറെയും. വഞ്ചനാകുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
കേരളത്തിനുള്ളിലും പുറത്തുമായി 350 തോളം സ്ഥാപനങ്ങളാണ് പോപ്പുലർ ഫിനാൻസിന്റെതായി ഉള്ളത്. സ്ഥാപനത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സ്ഥാപന ഉടമയായ റോയി എന്ന തോമസ് ഡാനിയേലും ഭാര്യയും വകയാറിലെ വീട്ടില്‍ നിന്ന് കുറച്ചുനാള്‍ മുന്‍പ് താമസം മാറിയിരുന്നു. എന്നാല്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ പത്തുദിവസമായി സ്ഥാപനവും അടച്ചിട്ട നിലയിലാണ്.
https://www.facebook.com/mediapta/videos/323672065351892/