ഛത്തീസ്ഗഡ്: ഹരിയാനയില്‍ ശുചീകരണ തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷിച്ചിരിക്കുന്നത് 46,000 ഉദ്യോഗാര്‍ത്ഥികള്‍. ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരടക്കമുള്ളവരാണ് ശുചീകരണ തൊഴിലാളികളുടെ തസ്തികയിലേക്ക് അപേക്ഷ നൽകിയിരിക്കുന്നത്. നിലവില്‍ തസ്തികയില്‍ എത്ര ഒഴിവുണ്ടെന്ന് വ്യക്തമല്ല. ഹരിയാനയിലെ സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, സിവിക് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ശുചീകരണ തൊഴിലാളികളുടെ ഒഴിവിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. പ്രതിമാസം 15,000 രൂപ ശമ്പളം ലഭിക്കുന്ന തൊഴിലിലേക്ക് 6,000ത്തോളം ബിരുദാനന്തര ബിരുദരും, 40,000ത്തോളം ബിരുദക്കാരും, 1.2 ലക്ഷം വരുന്ന 12ാം ക്ലാസ് യോഗ്യതയുള്ളവരുമാണ് അപേക്ഷ സമർപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഔട്ട്‌സോഴ്‌സിങ് ഏജന്‍സിയായ ഹരിയാന കൗശല്‍ റോസ്ഗര്‍ നിഗം ലിമിറ്റഡ് (എച്ച്‌കെആര്‍എന്‍) മുഖേനയാണ് അപേക്ഷകള്‍ എത്തിയിരിക്കുന്നത്. സ്വകാര്യ സ്‌കൂളുകളിലോ സ്ഥാപനങ്ങളിലോ പ്രതിമാസം 10,000 രൂപ മാത്രമേ ലഭിക്കുന്നുള്ളു വെന്നും സ്ഥിരം തൊഴില്‍ എന്ന പ്രതീക്ഷയിലാണ് അപേക്ഷ നല്‍കിയതെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. ഓഗസ്റ്റ് ആറ് മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയുള്ള ആകെ ഒരു ലക്ഷത്തോളം വരുന്ന അപേക്ഷകരാണ് എച്ച്‌കെആര്‍എന്‍ മുഖേന തൊഴിലിന് വേണ്ടി അപേക്ഷിച്ചത്. അതേസമയം അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. തൊഴിലില്ലായ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി സര്‍ക്കാറിന് സാധിക്കാത്തതാണ് അപേക്ഷകളുടെ എണ്ണം വര്‍ധിക്കാനുള്ള കാരണമെന്ന് ഹരിയാന കോണ്‍ഗ്രസ് ആരോപിച്ചു. സുതാര്യതയില്ലായ്മ, അപര്യാപ്തമായ പ്രതിഫലം, തൊഴില്‍ അരക്ഷിതാവസ്ഥ, സംവരണമില്ലായ്മ തുടങ്ങിയവ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം എച്ച്‌കെആര്‍എന്നിനെയും വിമര്‍ശിച്ചു.