പന്തളം : കുളനട പോസ്റ്റോഫീസിൽ നടന്ന ആർ.ഡി. നിക്ഷേപ തട്ടിപ്പ് കേസിൽ സസ്പെൻഷനിലായിരുന്ന പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിലെ പോസ്റ്റൽ അസിസ്റ്റന്റിനെ പന്തളം പോലീസ് അറസ്റ്റുചെയ്തു. കുളനട തുമ്പമൺ താഴം തുണ്ടിയിൽ വീട്ടിൽ സിന്ധു കെ.നായരാ(44)ണ് അറസ്റ്റിലായത്. തട്ടിപ്പിനുശേഷം വകുപ്പുതലത്തിൽ നടത്തിയ അന്വേഷണത്തെത്തുടർന്ന് പത്തനംതിട്ട സബ്ഡിവിഷൻ അസിസ്റ്റന്റ് പോസ്റ്റൽ സൂപ്രണ്ട് ബി.രാജ്കുമാർ നൽകിയ പരാതിയിലാണ് അറസ്റ്റെന്ന് പന്തളം സി.ഐ. എസ്.ശ്രീകുമാർ പറഞ്ഞു.
2016-18 കാലയളവിൽ കുളനട പോസ്റ്റോഫീസിലെ ക്ലാർക്കായിരുന്നു സിന്ധു കെ.നായർ. 2019 മാർച്ച് 25-ന് ആർ.ഡി. ഏജന്റായിരുന്ന കുളനട ഉളനാട് കൊല്ലിരേത്ത് മണ്ണിൽ അമ്പിളി ജി.നായർ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചിരുന്നു. ഇവർ മുഖാന്തരം പണം നഷ്ടപ്പെട്ട കുളനട പഞ്ചായത്തിൽ താമസക്കാരായ നാൽപ്പതോളം ആളുകൾ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുളനടയിൽ സമരസമിതി രൂപവത്‌കരിക്കുകയും ചെയ്തു.
നിക്ഷേപങ്ങളിൽ ക്രമക്കേടുണ്ടെന്ന് പരാതി ലഭിച്ചതോടെ പോസ്റ്റൽ വകുപ്പ് 2019 ഏപ്രിലിൽ വകുപ്പുതല അന്വേഷണം തുടങ്ങി. അമ്പിളി ജി.നായർ വഴി നടന്ന ഇടപാടുകളിലാണ് തട്ടിപ്പ് നടന്നതെന്ന സംശയത്തിൽ തുടങ്ങിയ അന്വേഷണം പിന്നീട് ഉദ്യോഗസ്ഥരിലേക്കും നീങ്ങി.
പണം നഷ്ടപ്പെട്ട ആർ.ഡി.നിക്ഷേപകരായിരുന്ന കുളനട എരിത്തിക്കാവിൽ സൂസമ്മ ജോയിയുടെ 9000 രൂപയും ഉളനാട് പാലവിളയിൽ ജിൻസി ശാമുവേലിന്റെ 16,000 രൂപയും വ്യാജ ഒപ്പിട്ട് വാങ്ങിയെന്നും കുളനട പടിക്കൽ ജൈറിൻ വില്ലയിൽ ഷെറിൻ റെജിയുടെ കിസാൻ വികാസ് പത്ര പദ്ധതിയിലെ മൂന്ന് ലക്ഷം രൂപ നിക്ഷേപം പാസ് ബുക്ക് അനധികൃതമായി ഉപയോഗിച്ച് കൈപ്പറ്റിയെന്നുമുള്ള കണ്ടെത്തലിലാണ് പോസ്റ്റൽ വകുപ്പ് പോലീസിൽ പരാതി നൽകിയത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞമാസംമുതൽ സിന്ധു കെ.നായർ സസ്പെൻഷനിലാണ്. 2016-18-ൽ നടന്ന പണം തട്ടിപ്പിലെ ആദ്യ നടപടിയാണ് ഉദ്യോഗസ്ഥയുടെ അറസ്റ്റ്.