ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഹിന്ദുക്ഷേത്രത്തിൽ ഖലിസ്താൻ നേതാക്കളുടെ പോസ്റ്ററുകൾ. പ്രധാനവാതിലിന് മുന്നിലാണ് ഖാലിസ്താൻ അനുകൂല പോസ്റ്ററുകൾ പതിച്ചത്.ഹർദീപ് സിങ് നിജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് കാനഡ ആന്വേഷിക്കണമെന്നാണ് പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നത്. ജൂൺ 18നാണ് നിജാർ കൊല്ലപ്പെട്ടത്. ഗുരുനാനാക്ക് സിക്ക് ഗുരുദ്വാരയുടെ തലവനായിരുന്നു നിജാർ.അഞ്ജാതരായ രണ്ട് പേരാണ് ഗുരുദ്വാരയിൽ വെച്ച് ജൂൺ 18ന് വൈകുന്നേരം അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഖലിസ്താനി വിഘടനവാദി സംഘടന ഖലിസ്താൻ ടൈഗർ ഫോഴ്സിന്റെ തലവൻ കൂടിയാണ് അദ്ദേഹം.
ബ്രിട്ടീഷ് കൊളംബിയയിലെ ലക്ഷ്മി നാരായൺ മന്ദിറിലാണ് പോസ്റ്ററുകൾ പതിച്ചത്. കാനഡയിലെ പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്. ഈ വർഷം മൂന്നാമത്തെ ക്ഷേത്രമാണ് ഇത്തരത്തിൽ നശിപ്പിക്കപ്പെടുന്നത്. ഈ വർഷം ജനുവരിയിൽ ഗ്രിഫിറ്റി ഉപയോഗിച്ച് ക്ഷേത്രത്തിൽ ചിത്രം വരച്ചിരുന്നു. ഈ വർഷം ഏപ്രിലിലും കാനഡയിലെ ഒൻടാരിയോയിൽ ഹിന്ദു ക്ഷേത്രം ഗ്രാഫിറ്റി ഉപയോഗിച്ച് വികലമാക്കിയിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിടുകയും ചെയ്തിരുന്നു.