പൂച്ചാക്കൽ : ചെങ്ങണ്ടപ്പാലത്തിന്റെയും അപ്രോച്ചുറോഡിന്റെയും ഇടയിൽ രൂപപ്പെട്ട കുഴി പൊതുമരാമത്തുവകുപ്പ് താത്കാലികമായി അടച്ചു. കുഴിയിൽവീണ് ഇരുചക്രവാഹനങ്ങളുൾപ്പെടെ അപകടങ്ങളിൽപ്പെട്ടിരുന്നു. ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി ദേശീയ പാതയിലൂടെയുള്ള വാഹനങ്ങൾ തിരിച്ചുവിടുന്നതിനാൽ റോഡിലും പാലത്തിലും തിരക്കുകൂടിയിരിക്കുകയാണ്. പല പ്രാവശ്യമായി പാലത്തിൽ കുഴികൾ രൂപപ്പെടുന്നതും അവ അടയ്ക്കുന്നതും വീണ്ടും അതേസ്ഥാനത്ത് കുഴി രൂപപ്പെടുന്നതും പതിവായിരുന്നു. വാഹനങ്ങൾ കുഴിയോടടുക്കുമ്പോൾ വളരെ ശ്രദ്ധിച്ചില്ലെങ്കിൽ അപകടമുണ്ടാകുന്ന അവസ്ഥയായിരുന്നു. ആയിരക്കണക്കിനു വാഹനങ്ങളാണ് നിലവിൽ ഇതുവഴി പോകുന്നത്. മൂന്നുമാസംമുൻപ് കുഴിയുണ്ടായ ഉടനേതന്നെ അതിൽ മെറ്റലിട്ടടച്ചിരുന്നു.നാലുതവണ ഇവിടെ കുഴിയടച്ചിരുന്നു.
വടക്കുനിന്നുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കുഴി അടുത്തുവരുമ്പോൾ മാത്രമാണ് കാണാൻകഴിയുന്നത്. പാലത്തിനു തകരാറില്ലെന്നും അപ്രോച്ച് റോഡിന്റെയും പാലത്തിന്റെയും ഇടയിലുള്ള ചരിവുഭാഗത്തിനാണ് തകരാറെന്നുമാണ് വിലയിരുത്തൽ. പാലത്തിന്റെ അടിത്തട്ട് പൊതുമരാമത്തുവകുപ്പ് പരിശോധിച്ചപ്പോൾ പാലത്തിന്റെ അടിയിലെ മണ്ണൊലിച്ചു പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതു തടയാൻ ഫലപ്രദമായ മാർഗങ്ങൾ സ്വീകരിച്ചിട്ടില്ല. മണ്ണൊലിപ്പു തടഞ്ഞാൽമാത്രമേ പാലത്തിൽ തുടരെയുണ്ടാകുന്ന കുഴികൾ ഒഴിവാക്കാൻ കഴിയൂ. ചെങ്ങണ്ടപ്പാലത്തിന്റെ അപ്രോച്ച് റോഡിലെ മരങ്ങൾ വെട്ടിമാറ്റുന്നതുൾപ്പെടെയുള്ള പ്രധാന പ്രവൃത്തി ഉടനെ നടക്കുമെന്നാണു വിവരം.