തിരുവല്ല : എം.സി.റോഡിൽ ഇടിഞ്ഞില്ലത്ത് പൈപ്പുപൊട്ടൽ പരിഹരിക്കാനെടുത്ത കുഴി മൂടാത്തത് അപകടത്തിനിടയാക്കുന്നു. ചൊവ്വാഴ്ച രാത്രയിൽ ഇവിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി അഞ്ചുപേർക്ക് പരിക്കേറ്റു. രണ്ട് കുട്ടികൾ ഗുരുതര പരിക്കുകളോടെ സ്വകാര്യമെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച സന്ധ്യയ്ക്കായിരുന്നു ആദ്യ അപകടം. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. കുറിച്ചി കളത്തിൽ മനുവിന്റെ ഭാര്യ വിനിത(39, മകൾ മിലിയ എന്നിവർക്കാണ് ഈ അപകടത്തിൽ പരിക്കേറ്റത്. തിരുമൂലപുരത്തുനിന്ന് കുറിച്ചിയിലേക്ക് സ്‌കൂട്ടറിൽ മകളുമൊത്ത് പോകുകയായിരുന്നു വിനിത.
കുഴിയുടെ ഭാഗത്ത് എതിരേവന്ന ഓട്ടോറിക്ഷ പെട്ടെന്ന് വലത്തേക്ക് വെട്ടിച്ചപ്പോൾ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയ്ക്കുപരിക്കേറ്റ മിലിയ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. വിനിതയ്ക്ക് തോളെല്ലിനും മുഖത്തും പരിക്കേറ്റു. രാത്രി 11-നാണ് രണ്ടാമത്തെ അപകടം. ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന കുടുംബം അപ്രതീക്ഷിതമായി കുഴി കണ്ടപ്പോൾ വാഹനം വെട്ടിച്ചു. ഇതോടെ മൺകൂനയിൽ കയറി മറിഞ്ഞു. അഞ്ചൽ വിളക്കുപാറ സലിംഭവനിൽ ഫൈസൽ(31), ഭാര്യ റസിയ(30), മകൻ ആദം(അഞ്ച്) എന്നിവർക്കാണ് പരിക്കേറ്റത്.ആദം ശസ്ത്രക്രിയയ്ക്കുശേഷം തീവ്രപരിചരണ വിഭാഗത്തിലാണ്. വെള്ളിയാഴ്ചയാണ് പൈപ്പുപൊട്ടൽ പരിഹരിക്കാൻ കുഴിയെടുത്തത്.
എട്ടടിയോളം താഴ്ചയിൽ 20 അടിയോളം നീളത്തിലാണ് കുഴി. ബി.എസ്.എൻ.എല്ലിന്റേതടക്കം ഭൂഗർഭ കേബിളുകൾ പണിക്കിടെ മുറിഞ്ഞു. പൈപ്പുപൊട്ടൽ പരിഹരിച്ചെങ്കിലും കേബിൾ നന്നാക്കാത്തതിനാൽ കുഴി മൂടിയില്ല. അപകടസാധ്യത സൂചിപ്പിക്കുന്ന അടയാളങ്ങൾ റോഡിൽ സ്ഥാപിച്ചതുമില്ല. ദേശീയപാതയുടെ ഭാഗമാണ് എം.സി.റോഡിന്റെ ഈ ഭാഗം. ഇടിഞ്ഞില്ലം കവല കഴിഞ്ഞ് നേർരേഖയിൽ പെരുന്തുരുത്തിയിലേക്കുള്ള ഭാഗത്താണ് കുഴി. റോഡിന്റെ മധ്യവരയ്ക്ക് അടുത്തുവരെ മൺകൂനയുണ്ട്. ബുധനാഴ്ച പോലീസ് ഇവിടെ അപകടസാധ്യത സൂചിപ്പിച്ചുള്ള ഡിവൈഡർ സ്ഥാപിച്ചു.