ചൂരക്കോട് : ഉന്നതനിലവാരത്തിൽ നിർമിച്ച വെള്ളക്കുളങ്ങര-മണ്ണടിറോഡിൽ വീണ്ടും കുഴികൾ. ചൂരക്കോട് കളത്തട്ട് ജംഗ്ഷന്‍ കഴിഞ്ഞ് മണ്ണടി റോഡിൽ കാർഗിൽനഗറിനുസമീപം വളവിലാണ് റോഡിന് നടുക്കായി കുഴികളുള്ളത്. വളവായതിനാൽ വാഹന യാത്രികരുടെ ശ്രദ്ധയിൽ ഇതിൽ ഒരുകുഴി പെട്ടെന്ന് പെടുകയില്ല. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് സമീപവാസിയായ ലൈജു പറയുന്നു.
മുമ്പും പലതവണ കാർഗിൽനഗർ ഭാഗത്ത് റോഡിന്റെ മധ്യഭാഗത്തായി റോഡിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. 2023 ജൂണിലാണ് ആദ്യമായി റോഡിൽ കുഴി രൂപപ്പെടുന്നത്. ഒരുമാസത്തിനുശേഷം പൊതുമരാമത്ത് കുഴിയടച്ചു. അതേവർഷം സെപ്റ്റംബറിൽ വീണ്ടും കുഴി രൂപപ്പെട്ടു. പലതവണ പൊതുമരാമത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായില്ല. ഒക്ടോബർ എട്ടിന് ഇരുചക്ര വാഹനം ഈ കുഴിയിൽ വീണു. ഇതോടെ നാട്ടുകാരനായ തെക്കേക്കള്ളിക്കൽ സജി ഭാർഗവൻ സിമൻറ് ഉപയോഗിച്ച് സ്വന്തം നിലയിൽ അടച്ചു. 2024 നവംബറിൽ വീണ്ടും കുഴി രൂപപ്പെട്ടു. ഇത് ജനുവരി 12-ന് പൊതുമരാമത്ത് ടാർ ഉപയോഗിച്ച് തന്നെ അടച്ചു.
രണ്ടരവർഷം മുൻപാണ് വെള്ളക്കുളങ്ങര മുതൽ ചൂരക്കോട് വരെയും, ചൂരക്കോട് മുതൽ മണ്ണടി വരെയും റോഡ് ടാർ ചെയ്തത്. അധുനിക നിലവാരത്തിലായിരുന്നു നിർമാണം. റോഡിന്റെ നിർമാണത്തെപ്പറ്റി ആക്ഷേപം ഉയർന്നപ്പോൾ പോലീസ് വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. 20.72 ലക്ഷത്തിന്റെ ക്രമക്കേട് നടന്നതായിട്ടാണ് പത്തനംതിട്ട പോലീസ് വിജിലൻസ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരേ വിജിലൻസ് കേസും എടുത്തു. നവീകരണം നടന്ന സമയത്തെ രേഖകളിലെ അളവും റോഡിൽ വിജിലൻസ് നേരിട്ട് നടത്തിയ പരിശോധനയിലെ അളവും വ്യത്യാസമുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ റോഡ് നവീകരണത്തിൽ അളവുകൾ പെരുപ്പിച്ചു കാട്ടി ക്രമക്കേടു നടത്തുകയായിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തിയത്.