പൂച്ചാക്കൽ : ഉയരപ്പാതനിർമാണത്തിന്റെ ഭാഗമായി വാഹനങ്ങൾ തിരിച്ചുവിടുന്ന ചേർത്തല-അരൂക്കുറ്റി റൂട്ടിലെ അരൂർ-അരൂക്കുറ്റി പാലത്തിൽ വലിയ കുഴികൾ രൂപപ്പെട്ടു. ആലപ്പുഴ, എറണാകുളം കളക്ടർമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വാഹനങ്ങൾ തിരിച്ചുവിടുന്ന റോഡിലെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് ഉയരപ്പാതനിർമാണ കരാർക്കമ്പനിയാണെന്ന് തീരുമാനിച്ചിരുന്നതാണ്. പാലത്തിൽ ഒട്ടേറെ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. പലയിടങ്ങളിലും കുഴികളിൽ കോൺക്രീറ്റുകമ്പികൾ തെളിഞ്ഞുനിൽക്കുന്നുമുണ്ട്. ദേശീയപാതയിലെ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുമാസങ്ങളായി ഭാരവാഹനങ്ങൾ ചേർത്തല-അരൂക്കുറ്റി റോഡിലൂടെയാണ് തിരിച്ചുവിട്ടിരുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി ദേശീയപാതയിലെ സർവീസ് റോഡുകൾ ടാർചെയ്യുന്നതിന്റെ ഭാഗമായി ദീർഘദൂര ബസ്സുകളും ഈ വഴി തിരിച്ചുവിട്ടു. വാഹനങ്ങൾ കൂടിയതോടെ പാലത്തിനും റോഡിനും ഇതു താങ്ങാൻ കഴിയുന്നില്ല. യഥാസമയം അറ്റകുറ്റപ്പണികൾ ചെയ്തിരുന്നുവെങ്കിൽ പാലത്തിന് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. റൂട്ടിലെ തെക്കേയറ്റത്തെ പാലമായ ചെങ്ങണ്ടപ്പാലത്തിലും കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെ പാലത്തിന്റെ അടിയിലെ മണ്ണൊലിച്ചു പോകുന്നതുകൊണ്ടാണ് കുഴികൾ രൂപപ്പെടുന്നത്. ഇവിടെയും യാത്ര ക്ലേശകരമായിട്ടുണ്ട്.