കോന്നി : കോന്നി സെൻട്രൽ ജംഗ്ഷൻ മുതൽ പയ്യനാമൺ വരെയുള്ള ഭാഗങ്ങളിൽ റോഡിലെ കുഴികളിൽ വീഴാതെ പോകുവാൻ ചെറിയ ഭാഗ്യം ഒന്നും പോരാ എന്നാണ് കോന്നിയിലെ ജനങ്ങളുടെ സംസാരം. ഒന്നും രണ്ടുമല്ല ചെറുതും വലുതുമായ 23 കുഴികളാണ് കോന്നി മുതൽ പയ്യനാമൺ വരെയുള്ള ഭാഗത്ത് റോഡിലുള്ളത്. കോന്നി പാലത്തിൽ രൂപപ്പെട്ട കുഴി ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണിയായി മാറുകയാണ്. നിരവധി ഇരുചക്ര വാഹനയാത്രക്കാരാണ് ഇതിനോടകം ഈ കുഴികളിൽ വീണ് പരിക്കേറ്റത്. മഴക്കാലമായതിനാൽ കുഴികളിൽ വെള്ളം കെട്ടികിടന്നാൽ ഇരുചക്ര വാഹനയാത്രക്കാർക്ക് ഇത് തിരിച്ചറിയാൻ പ്രയാസമാണ്. ഈ തരത്തിലാണ് കൂടുതലും അപകടങ്ങൾ സംഭവിക്കുന്നത്.
കോന്നി പാലത്തിലെ കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോന്നി താലൂക്ക് വികസന സമിതിയിൽ ചർച്ച നടന്നിരുന്നു. പാലത്തിലെ കുഴി അടക്കുവാൻ പൊതുമരാത്ത് ബ്രിഡ്ജസ് വിഭാഗത്തിനാണ് ചുമതലയെന്നും പൊതുമരാമത്ത് വിഭാഗം അറിയിച്ചിരുന്നു. പാലത്തിൽ രൂപപ്പെട്ട കുഴി വലുതായാൽ അത് പാലത്തിന്റെ നിലനില്പിനും ബാധകമാണ്. കോന്നി തണ്ണിത്തോട് റോഡിൽ ഉണ്ടായിട്ടുള്ള കുഴികൾ അടക്കുന്നതിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പയ്യനാമണ്ണിൽ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പൊട്ടി രൂപപ്പെട്ട കുഴികൾ വർഷങ്ങൾ കഴിഞ്ഞിട്ടും അടക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.
ശബരിമല മണ്ഡലകാലത്ത് അടക്കം വാഹന തിരക്ക് വർധിക്കുമ്പോൾ കുറഞ്ഞ ചിലവിൽ നികത്തി പോകുന്ന കുഴികൾ വാഹനങ്ങൾ കയറി ഇറങ്ങുമ്പോൾ വീണ്ടും വലുതാവുകയാണ് ചെയ്യുന്നത്. ബി എം ബി സി സാങ്കേതിക വിദ്യയിൽ നിർമ്മിച്ച റോഡുകളിൽ സാധാരണ ടാർ ഉപയോഗിച്ച് കുഴി അടക്കുമ്പോൾ വീണ്ടും പഴയ സ്ഥിതിയിൽ തന്നെയാവുകയാണ് ചെയ്യുന്നത്. യാത്രാ ക്ലേശം കൂടുതൽ വർധിക്കുമ്പോൾ അധികൃതരോട് പരാതി പറഞ്ഞ് മടുത്ത നാട്ടുകാർ തന്നെ കുഴികൾ അടക്കുന്നതാണ് ഇപ്പോഴത്തെ രീതി. മഴ കൂടുതൽ ശക്തമായാൽ റോഡിലെ കുഴികളിൽ വീണ് കൂടുതൽ അപകടങ്ങൾ നടക്കുന്നതിനുള്ള സാധ്യതയും ഏറെയാണ്.