കോന്നി: ഉന്നത നിലവാരത്തിൽ ടാർ ചെയ്ത കോന്നി തണ്ണിത്തോട് റോഡിലെ കുഴികൾ അപകട കെണിയാകുന്നു. കോന്നി മുരിങ്ങമംഗലം ജംഗ്ഷൻ മുതൽ ഞള്ളൂർ വരെയുള്ള ഭാഗങ്ങളിൽ ചെറുതും വലുതുമായ എട്ടിലധികം കുഴികൾ ആണ് രൂപപ്പെട്ടിട്ടുള്ളത്.പയ്യനാമൺ വഞ്ചിപടി,പത്തലുകുത്തി, പയ്യനാമൺ ചന്ത,പഴയ പോസ്റ്റ് ഓഫീസ് പടി,ഞള്ളൂർ തുടങ്ങി പലയിടത്തായാണ് വലിയ കുഴികൾ രൂപപെട്ടിട്ടുള്ളത്. വർഷങ്ങൾക്ക് മുൻപ് ഉന്നത നിലവാരത്തിൽ ടാർ ചെയ്ത റോഡിൽ അമിത ഭാരം കയറ്റിയ ലോറികൾ കടന്നുപോകുന്നത് റോഡിന്റെ നാശാവസ്ഥക്ക് കാരണമാകുന്നുണ്ട്. ഇരുചക്ര വാഹന യാത്രക്കാർ ആണ് ഇതിൽ ഏറ്റവും കൂടുതൽ അപകട ഭീഷണി നേരിടുന്നത്. വേഗതയിൽ വരുന്ന ഇരുചക്രവാഹനങ്ങൾ കുഴിക്ക് തൊട്ടടുത്ത് എത്തിയ ശേഷം മാത്രമാണ് അറിയുന്നത്.
ഇരുചക്ര വാഹന യാത്രക്കാർ ഇത്തരം കുഴികളിൽ വീണ് പരിക്കേൽക്കാൻ ഉള്ള സാധ്യത ഏറെയാണ്. പയ്യനാമൺ ഭാഗത്ത് വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടൽ മൂലം രൂപപെട്ട കുഴിയും നാളിതുവരെ നികത്തിയിട്ടില്ല. കോന്നി , പത്തനംതിട്ട ഭാഗങ്ങളിൽ നിന്നും തണ്ണിത്തോട്,തേക്കുതോട് ,ചിറ്റാർ,സീതത്തോട്,വയ്യാറ്റുപുഴ തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്കും സീസൺ സമയങ്ങളിൽ ശബരിമലയിലേക്കും ആളുകൾ സഞ്ചരിക്കുന്ന റോഡാണിത്. ഇതേ റോഡിൽ അതുമ്പുംകുളം മുതൽ ഉള്ള ഭാഗത്ത് അറ്റകുറ്റപണികൾ നടത്തുന്നതിന് ഫണ്ട് അനുവദിച്ചിട്ടും കൂടുതൽ കുഴികൾ രൂപപ്പെട്ട സ്ഥലങ്ങളിൽ അറ്റകുറ്റപണികൾ നടത്തുവാൻ ഫണ്ട് അനുവദിച്ചിട്ടില്ല എന്നാണ് അറിയുവാൻ കഴിയുന്നത്. വലിയ ഗർത്തങ്ങൾ രൂപ പെട്ട ഭാഗങ്ങളിൽ നാട്ടുകാർ മണ്ണിട്ട് നികത്താൻ ശ്രമിച്ചു എങ്കിലും ഇതുവീണ്ടും കുഴിയായി മാറുകയും ചെയ്തിരുന്നു.