തിരുവല്ല : തിരുവല്ല -മല്ലപ്പള്ളി റോഡിലെ കുഴികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. സ്ഥലം റോഡിന്റെ പലഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. തിരുവല്ല വൈ.ഡബ്ല്യൂ.സി.എക്ക് സമീപം റോഡിൽ മാസങ്ങൾക്കു മുൻപ് രൂപപ്പെട്ട കുഴി ഇനിയും അടച്ചിട്ടില്ല. കുറ്റപ്പുഴ ഭാഗത്ത് റോഡിൽ പാകിയ ഇന്റർ ലോക്ക് കട്ടകൾ പലതും ഇളകിമാറി കിടക്കുകയാണ്. ബഥേൽപ്പടിക്ക് സമീപത്തെ പാലത്തിന്റെ ഇരുവശങ്ങളിലും വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കിഴക്കൻ മുത്തൂർ ഭാഗത്തും റോഡിൽ കുഴികൾ ഏറെയാണ്. പായിപ്പാട് മുസ്ലിം പള്ളിക്ക് സമീപത്തും പാതാളക്കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
മഴ തുടങ്ങിയതോടെ റോഡിലെ കുഴികളിൽ ചെളി വെള്ളം കെട്ടികിടക്കുകയാണ്. തിരുവല്ല നഗരവുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റു റോഡുകളെല്ലാം നിലവാരമുയർത്തി നിർമ്മിച്ചതോടെ തിരുവല്ല – മല്ലപ്പള്ളി റോഡിലൂടെയുള്ള യാത്ര ജനങ്ങൾക്ക് ദുരിതമായിരിക്കുകയാണ്. റോഡിന്റെ നവീകരണം വൈകുന്നത് മൂലം പലതവണ നിലവാരമില്ലാത്ത ടാറിംഗ് നടത്തി. എന്നാൽ ഒരു വർഷം തികയും മുമ്പേ റോഡിൽ വീണ്ടും കുഴികൾ രൂപപ്പെട്ട് തകർച്ചയിലാകുന്ന കാഴ്ചയാണ്. തിരുവല്ല -മല്ലപ്പള്ളി റോഡ് നവീകരണം വേഗത്തിലാക്കാൻ സമയബന്ധിതമായി നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.