പൂച്ചാക്കൽ : ഉയരംകൂടിയ വാഹനങ്ങൾ റോഡിനു കുറുകെയും വശങ്ങളിലും സ്ഥാപിച്ചിട്ടുള്ള വൈദ്യുതിക്കേബിളുകളിൽ തട്ടി കേബിളുകൾ പൊട്ടി താഴെവീഴുന്നു. ദേശീയപാതയിലെ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന ചേർത്തല-അരൂക്കുറ്റി റോഡിലാണ് ഈ സ്ഥിതിവിശേഷം. റോഡിലെ പൂച്ചാക്കൽ മേഖലയിൽ ഈയിടെ പലപ്രാവശ്യം വൈദ്യുതിക്കേബിളുകൾ വാഹനങ്ങളുടെ മുകൾഭാഗം തട്ടി വീണു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ കേബിളുകൾ വീണ്ടും വലിച്ചുകെട്ടിയതിനുശേഷം പിന്നെയും പൊട്ടി വീണിട്ടുണ്ട്.
വൈദ്യുതിത്തൂണുകളിൽനിന്നു കടകളിലേക്കും വീടുകളിലേക്കുംമറ്റും വലിച്ചിട്ടുള്ള വൈദ്യുതിക്കമ്പി ഉൾക്കൊള്ളുന്ന കേബിളുകളാണ് ഇവ. അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ 4.5 മീറ്ററിൽ കൂടുതൽ ഉയരമുള്ള വാഹനങ്ങൾ ചേർത്തല-അരൂക്കുറ്റി റോഡിലൂടെയാണ് തിരിഞ്ഞുപോരുന്നത്. ഈ റോഡിൽ പൂച്ചാക്കൽ മേഖലയിൽ റോഡിന്റെ പടിഞ്ഞാറുവശത്ത് പലയിടങ്ങളിലും ഉയരംകുറഞ്ഞ തൂണുകളാണുള്ളത്. പൂച്ചാക്കൽ ലിസിയം കവലയ്ക്കു സമീപം ഇത്തരമൊരു പോസ്റ്റിൽനിന്നു കേബിൾ ലൈൻ പൊട്ടി താഴെവീണു. പാണാവള്ളി സബ് രജിസ്ട്രാർ ഓഫീസിനു സമീപവും കേബിൾ പോസ്റ്റിൽനിന്നുവേർപെട്ട് താഴെവീണു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി ലൈൻ ശരിയാക്കുന്നതിനിടയിൽ വലിയതോതിൽ വാഹനക്കുരുക്കുമുണ്ടായി.
ഉയരംകുറഞ്ഞ വൈദ്യുതിത്തൂണുകൾ മാറ്റി ഉയരമുള്ളവ സ്ഥാപിച്ചാൽ പ്രശ്നത്തിനു പരിഹാരമാകും. എന്നാൽ കെ.എസ്.ഇ.ബി. പൂച്ചാക്കൽ ഓഫീസിൽ വൈദ്യുതിത്തൂണുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും സ്റ്റോക്കില്ലെന്നാണു വിവരം. റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന തണൽമരങ്ങളിലെ മരക്കൊമ്പുകളിലും ഉയരംകൂടിയ വാഹനങ്ങൾ തട്ടുന്നുണ്ട്. എറണാകുളം മേഖലയിൽനിന്ന് ആലപ്പുഴ ജില്ലയിലേക്കുവരുന്ന വാഹനങ്ങൾ അരൂർക്ഷേത്രം കവലയിൽനിന്ന് അരൂർ-അരൂക്കുറ്റി പാലം വഴി പൂച്ചാക്കലെത്തിയാണ് പോകുന്നത്. തെക്കുനിന്നു വരുന്ന വാഹനങ്ങൾ എഴുപുന്ന, കുമ്പളങ്ങി വഴി പോകാനാണ് അധികൃതർ നിർദേശിച്ചിരുന്നത്. എന്നാൽ, തെക്കുനിന്നുവരുന്ന വാഹനങ്ങളിലധികവും തുറവൂർ ജംഗ്ഷനിൽനിന്നു കിഴക്കോട്ടു കടന്ന് തുറവൂർ-തൈക്കാട്ടുശ്ശേരി പാലം, പൂച്ചാക്കൽ വഴി അരൂരിലെത്തിയാണ് പോകുന്നത്.