പത്തനംതിട്ട: പതിനഞ്ചു ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ വൈദ്യുതി വിച്ഛേദിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ 1.54 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്ത കോടതി വിധി. പന്തളം മങ്ങാരം സ്വദേശി ആലീഫ് പറമ്പിൽ വീട്ടിൽ എം.യു. ഷഹനാസ് പത്തനംതിട്ട ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷനിൽ നല്‍കിയ ഹർജിയിലാണ് വിധി. സെബിജോസ്, (അസിസ്റ്റന്റ് എൻജീനിയർ കെ.എസ്.ഇ.ബി പന്തളം സെക്ഷൻ ആഫീസ്), കലേഷ്. കെ രാജ്, (അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പന്തളം), എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.ഇ.ബി. അടൂർ ഡിവിഷൻ, ഡപ്യൂട്ടി ചീഫ് എൻജിനിയർ കെ.എസ്.ഇ.ബി പത്തനംതിട്ട, സെക്രട്ടറി കെ.എസ്.ഇ.ബി വൈദ്യുതിഭവൻ തിരുവനന്തപുരം, ചെയർമാൻ കെ.എസ്.ഇ.ബി വൈദ്യുതിഭവൻ തിരുവനന്തപുരം, സെൽവരാജ്, (സൂപ്രണ്ട് കെ.എസ്.ഇ.ബി പന്തളം) എന്നിവരെ പ്രതികളാക്കി ഫയൽ ചെയ്ത ഹര്‍ജിയിലാണ് വിധി.
പന്തളം ജംഗ്ഷനിലുളള പ്രകാശ് ബിൽഡിംഗിലെ മുറിയിൽ ‘ബ്ലൂം വെൽ’ എന്ന പേരിൽ ദന്തൽ ക്ലിനിക്ക് നടത്തുകയായിരുന്നു ഷഹനാസ്. ഈ സ്ഥാപനത്തിന് പന്തളം മുൻസിപ്പാലിറ്റിയിൽ നിന്നും ലൈസൻസുള്ളതാണ്. കെട്ടിടത്തിന്റെ വാടക കരാർ കാലയളവിൽ ഈ കെട്ടിടത്തിന്റെ വൈദ്യുതി കണക്ഷനുമായുള്ള എല്ലാ ഉത്തരവാദിത്തങ്ങളും കരാർ പ്രകാരം ഹർജികക്ഷി നിർവഹിച്ചു വന്നിരുന്നതാണ്. ഹർജി കക്ഷിയുടെ ആശുപത്രിക്ക് എതിർ കക്ഷികളായ പ്രതികൾ കൺസ്യൂമർ നമ്പർ 25825 ആയി നല്‍കിയ വൈദ്യുതി കണക്ഷൻ കൊമേർഷ്യൽ ആവശ്യങ്ങൾക്കുള്ള എല്‍.ടി 7എ താരിഫിൽ ആണ്. ആശുപത്രിക്കും മറ്റും കൊടുക്കേണ്ടത് എല്‍.ടി 6 ജി താരിഫിൽ ആണ്. വൈദ്യുതി വകുപ്പ് അധികൃതർ ഈ കാര്യം മറച്ചുവെച്ച് ഭീമമായ ബില്ല് സ്ഥാപനത്തിന് നൽകുകയും മുടക്കം വരാതെ തുക കൃത്യമായി അടക്കുകയും ചെയ്തിരുന്നു. എന്നാൽ 2024 ജനുവരി 16 ന് ആന്‍റി പൗവ്വര്‍ തെഫ്റ്റ് സ്ക്വാഡ് ക്ലിനിക്കിൽ എത്തുകയും മഹസ്സർ തയ്യാറാക്കുകയും 43,572 രൂപ ഫൈന്‍ ഈടാക്കി കൊണ്ട് ബിൽ അടപ്പിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്‌തുള്ള പരാതി പന്തളം കെ.എസ്.ഇ.ബി സെക്ഷൻ ആഫീസിൽ കൊടുത്തുവെങ്കിലും അവര്‍ പരിഗണിച്ചില്ല. തുടര്‍ന്ന് അടുത്ത മാസം വീണ്ടും ഉയർന്ന താരീഫിൽ 6536 രൂപായുടെ ബിൽ കൊടുക്കുകയും ചെയ്തു. ഈ ബില്ലിനെതിരെയും പരാതി കൊടുത്തെങ്കിലും ഏപ്രില്‍ 30 ന് യാതൊരു മുന്നറിയിപ്പും കൂടാതെ ക്ലിനിക്കിന്റെ കണക്ഷൻ വിച്ഛേദിക്കുകയാണ് ഉണ്ടായത്.
രോഗികളും മറ്റും ആശുപത്രിയിൽ ഉളള സമയത്താണ് ഈ കണക്ഷൻ വിച്ഛേദിച്ചത്. അപ്പോൾ തന്നെ ഹർജി കക്ഷി തിരുവനന്തപുരം വൈദ്യുതി ഭവൻ ഉദ്യോഗസ്ഥരേയും കേരളാ മുഖ്യമന്ത്രിയുടെ ആഫീസുമായും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിച്ചേദിച്ച അന്നു തന്നെ വൈകിട്ട് കണക്ഷൻ പുനഃസ്ഥാപിക്കുകയും രണ്ടാമത്തെ ബിൽ തുക കുറച്ച് 4797 രൂപ ആക്കി പുതിയ ബിൽ നൽകുകയും ചെയ്തു. ആശുപത്രിക്കും മറ്റും കൊടുക്കുന്ന താരിഫ് എല്‍.ടി 6 ജി യിലേക്ക് കണക്ഷൻ മാറ്റിക്കൊടുക്കുകയും ചെയ്തു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഈ നടപടിക്കെതിരെയാണ് ഹർജി കക്ഷി കമ്മീഷനെ സമീപിച്ചത്. ആന്റി പൗവ്വര്‍ തെഫ്റ്റ് സ്ക്വാഡ് ഈടാക്കിയ തുക തിരികെ നൽകണമെന്നും നഷ്ടപരിഹാരം എതിർകക്ഷികളിൽ നിന്നും ഈടാക്കി നൽകണമെന്നുമാണ് ഹർജി കക്ഷി കമ്മീഷനോട് ആവശ്യപ്പെട്ടത്. ഹർജി ഫയലിൽ സ്വീകരിച്ച കമ്മീഷൻ എതിർകക്ഷികളായ പ്രതികൾക്ക് നോട്ടീസ് അയക്കുകയും എല്ലാ ഉദ്യോഗസ്ഥരേയും പ്രതിനിധീകരിച്ച് രണ്ടാംപ്രതി കമ്മീഷനിൽ ഹാജരാകുകയും ചെയ്‌തു.
എന്നാൽ തുടർന്ന് പ്രതികളുടെ ഭാഗം തെളിവുകൾ ഹാജരാക്കുകയോ പത്രിക നൽകുകയോ ചെയ്‌തില്ല. ഹർജി കക്ഷി കമ്മീഷനിൽ ഹാജരായി ആവശ്യരേഖകൾ ഹാജരാക്കുകയും തെളിവുകൾ നൽകുകയും ചെയ്തു. ഹർജി കക്ഷി ഹാജരാക്കിയ തെളിവുകൾ വിശദമായി പരിശോധിച്ച കമ്മീഷൻ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തികരിച്ച ശേഷമല്ല കണക്ഷൻ ഡിസ്‌കണക്‌ട് ചെയ്‌തതെന്നും, ആന്റി പൗവ്വര്‍ തെഫ്റ്റ് സ്ക്വാഡ് നടത്തിയ പരിശോധന മഹസ്സർ നിയമപരമല്ലായെന്നും കണ്ടെത്തുകയാണ് ചെയ്തത്. ഹർജി കക്ഷി ബോർഡിന് ഇന്നേവരെ ഒരു കുടിശ്ശികയും വരുത്തിയിട്ടില്ലെന്നും പരിശോധനയില്‍ ബോധ്യമായി. കൃത്യമായി ബിൽ തുക അടക്കുന്ന ആളാണ്. കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 റെഗുലേഷന്‍ 173 സബ്ബ് ക്ലോസ് 6,9 The പ്രകാരം പറയുന്നത് മഹസ്സർ തയ്യാറാക്കുമ്പോൾ രണ്ട് സ്വതന്ത്ര സാക്ഷികൾ മഹസ്സറിൽ ഒപ്പിടണം എന്നാണ്. എന്നാൽ സ്ക്വാഡ് തയ്യാറാക്കിയ മഹസ്സറിൽ സ്വതന്ത്ര സാക്ഷികൾ ആരും തന്നെ ഒപ്പിട്ടിട്ടില്ല. അതുകൊണ്ടു തന്നെ മഹസ്സർ നിയമപരമായി തെറ്റാണെന്നും കണ്ടെത്തി. അതു പോലെതന്നെ സപ്ലൈ ഡിസ്കണക്ട് ചെയ്തതും നിയമപരമായിട്ടല്ലായെന്നു കമ്മീഷൻ കണ്ടെത്തുകയും ചെയ്തു.
Section 56 of the electricity Act 2003 clearly mandate that on account of non- payment of charges 15 days clear notice in writing should be issued to the consumer before disconnection എന്നാണ് രേഖ. ഇവിടെ 15 ദിവസത്തെ നോട്ടീസ് കണക്ഷൻ വിച്ഛേദിക്കുതിനുമുൻപ് കൊടുത്തില്ല. കൂടാതെ ബില്ലിനെപ്പറ്റി പരാതി കിട്ടിയാൽ The Kerala Electricity Supply code 2014 Regulation 130 sub regulation 4 m bill connect ചെയ്യാൻ വേണ്ടി പരാതികിട്ടിയാൽ ലൈസൻസ് നൽകിയ പദവിയിലുളള ഉദ്യോഗസ്ഥൻ അടിയന്തിരമായി ബിൽ പുനഃപരിശോധിക്കണമെന്നാണ്. ഇവിടെ ആന്‍റി തെഫ്റ്റ് പൗവ്വര്‍ സ്ക്വാഡിന്റെ നിർദ്ദേശ പ്രകാരം ഈടാക്കിയ തുകയെപ്പറ്റി പരാതി നൽകിയിട്ടും പുനഃപരിശോധനകൾ ഒന്നും തന്നെ നടന്നിട്ടില്ല.
ഈ സാഹചര്യത്തിൽ ഹർജി കക്ഷി പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണെന്ന് കമ്മീഷനു ബോദ്ധ്യപ്പെടുകയും അന്യായമായി ഹർജി കക്ഷിയിൽ നിന്നും ഈടാക്കിയ 43,572 രൂപ എതിർ കക്ഷികൾ തിരികെ നൽകാനും യാതൊരു മുന്നറിയിപ്പും കൂടാതെ രോഗികളും മറ്റും ഉണ്ടായിരുന്ന ക്ലിനിക്കിന്റെ കണക്ഷന്‍ വിച്ഛേദിച്ചതിന്റെ പേരിൽ 1,00,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ കോടതി ചിലവിനത്തിലുമായി ആകെ 1,54,000 രൂപാ പ്രതികൾ 45 ദിവസത്തിനകം ഹർജി കക്ഷിക്കു നൽകുവാനാണ് കമ്മീഷൻ ഉത്തരവിട്ടത്. ഈ തുക ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്ന് 5-ാം പ്രതിയായ വൈദ്യുതി ഭവൻ സെക്രട്ടറിയോട് നിർദ്ദേശിച്ചും ഉത്തരവായിട്ടുണ്ട്. പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും കമ്മീഷനംഗം നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്‌താവിച്ചത്.