പത്തനംതിട്ട : വൈദ്യുത വകുപ്പിനെ സ്വയംപര്യാപ്തതയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് (ഡിആര്‍ഐപി)പദ്ധതിയുടെ ഭാഗമായി പുതുതായി നിര്‍മിച്ച കക്കാട് ഡാം സേഫ്റ്റി ഡിവിഷന്റേയും അനുബന്ധ ഫീല്‍ഡ് ഓഫീസായ കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം സീതത്തോട് ശ്രീനാരായണ സാംസ്‌കാരിക നിലയത്തില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കി, ശബരിഗിരി പദ്ധതി രണ്ടാം ഘട്ടം തുടങ്ങി 1500 മെഗാവാട്ടിന്റെ ജലവൈദ്യുത നിലയം ആരംഭിച്ച് വൈദ്യുതോത്പാദന മേഖലയെ സ്വയം പര്യാപ്തതയില്‍ എത്തിക്കുകയാണ് ലക്ഷ്യം.
ക്രിയാത്മകമായ പ്രവര്‍ത്തനമാണ് വൈദ്യുത വകുപ്പ് നടത്തി വരുന്നത്. ഈ വര്‍ഷം 117 കിലോവാട്ട് സൗരോര്‍ജ പ്ലാന്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുടങ്ങി കിടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 2021-22 വര്‍ഷത്തില്‍ ഇതുവരെ 1466 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സീതത്തോട്ടിലുള്ള ഓഫീസിനായി 317 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ പുതിയ കെട്ടിടം 1.25 കോടി രൂപയ്ക്കും, കൊച്ചു പമ്പയിലെ ഫീല്‍ഡ് ഓഫീസ്, ഡോര്‍മിറ്ററി എന്നിവ 335 ചതുരശ്ര മീറ്റര്‍ വസ്തീര്‍ണത്തില്‍ 1.18 കോടി രൂപ ചെലവിലുമാണ് നിര്‍മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഗവി സഞ്ചാരികള്‍ക്കായി ഡാമുകള്‍ കേന്ദ്രമാക്കി ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. സീതത്തോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാം സേഫ്റ്റി ഡിവിഷന്‍ ഓഫീസ് പദ്ധതിയുടെ തുടക്കകാലത്ത് നിര്‍മിച്ച താത്കാലിക കെട്ടിടങ്ങളിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ഘട്ടത്തിലാണ് ഇവ പുന:നിര്‍മിക്കാന്‍ തീരുമാനമായതെന്നും എംഎല്‍എ പറഞ്ഞു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ.ബി.അശോക്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, ബ്ലോക്ക് പഞ്ചായത്ത് അംഗം നബീസത്ത് ബീവി, സീതത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ആര്‍ പ്രമോദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എം മനോജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലജ അനില്‍, ഗ്രാമ പഞ്ചായത്ത് അംഗം റോസമ്മ കുഞ്ഞുമോന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.