പുല്ലാട് : തിരുവല്ല-കുമ്പഴ മിനി ഹൈവേയുടെ വള്ളംകുളം മുതൽ കോഴഞ്ചേരി വരെയുള്ള ഭാഗത്തെ റീടാറിങ് അനിശ്ചിതത്വത്തിൽ. 7.2 കോടി രൂപയാണ് റോഡിന്റെ ഉപരിതലം ടാർ ചെയ്യുന്നതിന് വേണ്ടി അനുവദിച്ചിട്ടുള്ളത്. ടെൻഡർ നടപടികൾ പൂർത്തിയായപ്പോഴാണ് വാട്ടർ അതോറിറ്റി റോഡിന്റെ ഇരുവശത്തും പൈപ്പുകൾ സ്ഥാപിക്കാൻ തുടങ്ങിയത്. ഏപ്രിൽ തുടങ്ങിയ ജോലികൾ ഒരു മാസം കൊണ്ട് പൂർത്തീകരിക്കാൻ ആയിരുന്നു ധാരണ. ഇപ്പോൾ നാലുമാസം ആയിട്ടും പ്രവൃത്തികൾ പൂർത്തീകരിക്കാൻ വാട്ടർ അതോറിറ്റിക്ക് ആയിട്ടില്ല.
വാട്ടർ അതോറിറ്റി പൈപ്പുകൾ സ്ഥാപിച്ചിടത്തെല്ലാം കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. റോഡിന്റെ വശങ്ങളെല്ലാം പൂർവസ്ഥിതിയിലാക്കിയാണ് വാട്ടർ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് റോഡ് കൈമാറേണ്ടത്. പലയിടത്തും പൈപ്പുകൾ ഇനിയും സ്ഥാപിക്കേണ്ടതായിട്ടുണ്ട്. കഴിഞ്ഞദിവസം വാട്ടർ അതോറിറ്റിയും പൊതുമരാമത്തുവകുപ്പും സംയുക്തമായി ഇനി ചെയ്യാനുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. ബാക്കിയുള്ള ജോലികൾ തീരാൻ ഒരു മാസമെങ്കിലും എടുക്കുമെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്.