തിരുവനന്തപുരം : പോക്സോ കേസിലെ ഇരയെയും അമ്മയെയും പ്രതിയുടെ വീട്ടിലേക്ക് പറഞ്ഞയച്ച പോലീസ് വീണ്ടും പരാതിക്കാരിക്കാരിയോട് മോശമായി പെരുമാറിയെന്ന് ആരോപണം. ജാമ്യവ്യവസ്ഥ പ്രകാരം സ്റ്റേഷനിൽ ഒപ്പിടാൻ പോയപ്പോള്‍ മലയിൻകീഴ് എസ്.എച്ച്.ഒയും പോലീസുകാരും മോശമായി പെരുമാറിയെന്നാണ് ആരോപണം.
പോക്സോ കേസിലെ ഇരയെയും പരാതിക്കാരിയായ അമ്മയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് പകരം കേസിലെ പ്രതിയായ മുൻ ഭർത്താവിന്റെ വീട്ടിലേക്ക് വിട്ട സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വീട്ടിലേക്ക് അതിക്രമിച്ചു കയറി പോക്സോ കേസിലെ പ്രതിയായ മുൻ ഭർത്താവിനെ ആക്രമിച്ച കേസിൽ പരാതിക്കാരിയായ വീട്ടമ്മയും പ്രതിയാണ്. ജയിൽ മോചിതയായ വീട്ടമ്മയാണ് മാധ്യമങ്ങളോട് പോലീസ് കാണിച്ച അനീതി പുറത്തു പറഞ്ഞത്.
വാർത്തയെ തുടർന്ന് പോക്സോ കേസും വീട്ടമ്മക്കെതിരായ കേസും സംബന്ധിച്ച് തുടരന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. വധശ്രമക്കേസിൽ ജാമ്യം നേടിയ വീട്ടമ്മ എല്ലാ തിങ്കളാഴ്ചയും മലയിൻകീഴ് സ്റ്റേഷനിലെത്തി ഒപ്പിടമെന്നാണ് ജാമ്യ വ്യവസ്ഥ. ഇതുപ്രകാരം ഒപ്പിടാനെത്തിയപ്പോള്‍ പോലീസിനെതിരെ വാർത്ത നൽകിയെന്നാക്രോശിച്ച് മോശമായി പെരുമാറുകയും ഭീഷണി സ്വരത്തിൽ സംസാരിച്ചുവെന്നും പറയുന്നു.
ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിട്ടിട്ടെ മടങ്ങൂയെന്ന് വീട്ടമ്മ ശാഠ്യം പിടിച്ചതോടെ പോലീസ് വഴങ്ങി. എന്നാൽ കേസിൽ കുറ്റപത്രം നൽകിയതിനാൽ ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിടേണ്ടെന്നും ഇക്കാര്യം പറയുക മാത്രമാണ് ചെയ്തതെന്നും കാട്ടാക്കട ഡിവൈഎസ്പി വിശദീകരിക്കുന്നു. കാട്ടാക്കട ഡിവൈഎസ്പിക്കാണ് കേസുകളുടെ തുടരന്വേഷണ ചുമതല. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറാൻ സാധ്യതയുണ്ട്.