പത്തനംതിട്ട : ചിറ്റാര്‍ കുടപ്പന പടിഞ്ഞാറെചരുവില്‍ പി.പി മത്തായി (പൊന്നു – 41) വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നാവശ്യവുമായി കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മരിച്ച മത്തായിയുടെ ഭാര്യ ഷീബ അഭിഭാഷകന്‍ ജോണി കെ ജോര്‍ജ്ജ് മുഖേനയാണ് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
നിലവിലെ അന്വേഷണ ഏജന്‍സിയായ സംസ്ഥാന പോലീസില്‍ വിശ്വാസമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. രണ്ടാഴ്ച മുമ്പാണ് മത്തായി വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. ജൂലൈ 28ന് വൈകുന്നേരം അരീയ്ക്കക്കാവിലെ താമസസ്ഥലത്തു നിന്നാണ് മത്തായിയെ വനപാലകര്‍ പിടിച്ചുകൊണ്ടു പോയത്. അന്നു രാത്രി എട്ടോടെ മൃതദേഹം കുടപ്പനയിലെ കുടുംബവീടിനു സമീപത്തെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും കേസില്‍ കാര്യമായ അന്വേഷണമുണ്ടാകുകയോ കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ലെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. ഒരാളെ കസ്റ്റഡിയില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായി പൂര്‍ത്തീകരിക്കേണ്ട നടപടികള്‍ നടത്തിയിരുന്നില്ലെന്നും മത്തായിയുടെ പേരില്‍ സംഭവസമയം കേസുകളുണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ സംഭവത്തിനുശേഷം കൃത്രിമരേഖകള്‍ ചമയ്ക്കുകയും കേസ് അട്ടിമറിക്കാനും കിണറ്റില്‍ വീണു മരിച്ചതാണെന്നു വരുത്താനും ശ്രമം നടക്കുന്നതായി ഹരജിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ റാന്നി ഡിഎഫ്‌ഒയുടെ പങ്കുകൂടി അന്വേഷണ പരിധിയിലാക്കണമെന്നും ആവശ്യമുണ്ട്.
ഇതിനിടെ കേസ് അന്വേഷണം നടത്തുന്ന ജില്ലാ ക്രൈബ്രാഞ്ച് ഡിവൈഎസ്പി ആര്‍. പ്രദീപ്കുമാറിന്റെ ജിഡി ഫയല്‍ അടക്കം ഇന്നലെ പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. കേസുമായി ബന്ധപ്പെട്ട നിയമോപദേശം തേടുന്നതിന്റെ ഭാഗമാണിത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ഏതെല്ലാം വകുപ്പുകള്‍ കേസില്‍ നിലനില്‍ക്കുമെന്നതിലാണ് പോലീസ് നിയമോപദേശം തേടിയിരിക്കുന്നത്. വനംവകുപ്പ് കൊല്ലം സിസിഎഫ് സഞ്ജിന്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വനംമന്ത്രിക്കു കൈമാറിയിട്ടുണ്ട്. മത്തായിയെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചകളുണ്ടായതായി ഇതില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. നിലവില്‍ രണ്ട് വനപാലകരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേര്‍ക്കെതിരെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നപടി വേണമെന്നാണ് ശിപാര്‍ശ.
മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിക്കും സംസ്ഥാന വനംമേധാവിക്കും നിര്‍ദേശം നല്‍കി.