കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ കോവിഡ് സുരക്ഷയില്‍ വീഴ്ച്ച. ഉപയോഗിച്ച പിപിഇ കിറ്റുകൾ വിമാനത്താവളത്തില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. വിമാനത്താവളത്തിലെ കാൻറീനു സമീപത്താണ് കിറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പിപിഇ കിറ്റുകള്‍ അതീവ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന് പ്രോട്ടോകോളുണ്ടായിരിക്കെയാണ് സുരക്ഷയിൽ അലംഭാവമുണ്ടായത്.
വിമാനത്താവളത്തിൽ മാലിന്യം കൃത്യമായി ഒഴിവാക്കാത്തതാണ് പലരും പിപിഇ കിറ്റുകള്‍ ഇങ്ങനെ വലിച്ചെറിയാൻ കാരണമെന്ന് ആരോപണമുണ്ട്. കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതാരാണെന്ന് കണ്ടെത്തുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും വിമാനത്താവളം അധികൃതര്‍ അറിയിച്ചു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കിറ്റുകൾ അധികൃതര്‍ ഇടപെട്ട് നീക്കി.
കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ 51 ഉദ്യോഗസ്ഥര്‍ ക്വാറന്‍റീനിലേക്ക് മാറി. എയര്‍പോര്‍ട്ട് ഡയറക്ടറടക്കം 35 പേരും ആറ് കസ്റ്റംസ് ഉദ്യോഗസ്ഥരും പത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമടക്കമാണ് ക്വാറന്‍റീനിൽ പോയത്. പ്രതിസന്ധി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്തവിധത്തിലുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.